ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു
Tuesday, September 16, 2025 1:51 AM IST
കൊട്ടാരക്കര: കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. കൊട്ടാരക്കര, നിലേശ്വരം, കളപ്പില താഴെതിൽ വീട് വിജിൽ (27), മലപ്പുറം വളാഞ്ചേരി വിദ്യാ കോളജിലെ എംസിഎ അവസാന വർഷ വിദ്യാർഥി കെ.പി. സഞ്ജയ് (21), ആറ്റിങ്ങൽ, വാസുദേവപുരം, അശ്വതി ഭവനത്തിൽ കൃഷ്ണന്റെ മകൻ അജിത്ത് (28) എന്നിവരാണ് മരിച്ചത്.
പാലക്കാട്, പള്ളിപ്പുറം, കോഴുഞ്ഞിപ്പറമ്പിൽ ശശീന്ദ്രൻ - സുനിത ദമ്പതികളുടെ മകൻ അക്ഷയ് (23) നെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് കൊട്ടാരക്കര നീലേശ്വരം - അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിനു സമീപമായിരുന്നു അപകടം. നീലേശ്വരം ഭാഗത്തുനിന്നു കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ബൈക്കും എതിരേ വന്ന ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം.
മരിച്ച പാലക്കാട് സ്വദേശി സഞ്ജയ്, സുഹൃത്ത് കൊട്ടാരക്കര നീലേശ്വരം സ്വദേശി സുധീഷിന്റെ ജേഷ്ഠൻ സതീഷിന്റെ വിവാഹത്തിന് എത്തിയതാണ്. നെടുവത്തൂരിൽ വിവാഹം കഴിഞ്ഞ ശേഷം വിജിൽ ഓടിച്ച ബൈക്കിൽ സഞ്ജയ്, പരിക്കേറ്റ അക്ഷയ് എന്നിവർ വസ്ത്രം മാറുന്നതിന് വിജിലിന്റെ വീട്ടിലേക്കു പോകുകയായിരുന്നു.
ഇവർ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന അജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ ബൈക്കിലെത്തിയ പരിക്കേറ്റ അക്ഷയ്യുടെ സഹോദരൻ അർജുനനും ചേർന്ന് പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.