ജൽജീവന്‍ മിഷന് പദ്ധതി പ്രതിസന്ധി; 9,000 കോടി വായ്പയെടുക്കാന്‍ വാട്ടര്‍ അഥോറിറ്റി
Wednesday, September 17, 2025 1:37 AM IST
കോഴിക്കോട്: കരാറുകാര്‍ക്കുള്ള തുക വിതരണം കുടിശികയായതു വഴി ഗ്രാമീണ മേഖലകളില്‍ ശുദ്ധജലമെത്തിക്കാനുള്ള ജൽജീവന്‍ മിഷന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലച്ചതു പരിഗണിച്ച് വാട്ടര്‍ അഥോറിറ്റിക്ക് നബാര്‍ഡില്‍നിന്നു സാമ്പത്തിക സഹായം സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി.
ജൽജീവന്‍ മിഷന് പദ്ധതികള്‍ക്കായി നബാര്‍ഡില്‍നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുക്കാനാണു വാട്ടര്‍ അഥോറിറ്റിക്കു തത്വത്തില്‍ അനുമതി ലഭിച്ചത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണു സര്‍ക്കാര്‍ നടപടി.
ആദ്യഘട്ടത്തില്‍ 5,000 കോടി രൂപ സ്വീകരിക്കാനാണ് അനുവാദം. ധനസഹായം ലഭിക്കുന്നതിനു സര്‍ക്കാര്‍ ഗാരന്റി നല്‍കും. കരാറുകാര്‍ക്ക് നല്‍കാനുള്ളത് 7,830 കോടി രൂപയാണ്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ കാലാവധി 2024ല്‍ അവസാനിക്കേണ്ടിയിരുന്നു.
സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതി കാലാവധി 2028 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നിലവില്‍ പദ്ധതി 55 ശതമാനത്തിലധികം പൂര്‍ത്തിയായതായാണു സര്‍ക്കാരിന്റെ അവകാശവാദം.സാമ്പത്തിക പ്രതിസന്ധി കാരണം കരാറുകാര്‍ പിന്‍വലിഞ്ഞതോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പല ജില്ലകളിലും മന്ദഗതിയിലാണ്.
കൊല്ലം (73.59 ശതമാനം), ആലപ്പുഴ (66.25 ശതമാനം), എറണാകുളം (66.13 ശതമാനം), തിരുവനന്തപുരം (65.33 ശതമാനം) എന്നിവിടങ്ങളില്‍ മാത്രമാണു പദ്ധതി നിര്‍വഹണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞത്. മറ്റു ജില്ലകളില്‍ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളില്‍ കണക്ഷന് നല്‍കേണ്ടത്-8,02,710. പദ്ധതിക്കായി ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി 11,643 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതില്‍ 6,033 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിച്ചപ്പോള്‍ 5,610 കോടി രൂപയാണു കേന്ദ്രം നല്‍കിയത്.
കേന്ദ്രം അനുവദിച്ചതിനേക്കാള്‍ 423 കോടി രൂപ സംസ്ഥാനം അധികമായി ചെലവിട്ടു കഴിഞ്ഞു. കുടിശിക തുക കോടികള്‍ കവിഞ്ഞതോടെ പല കരാറുകാരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
കോഴിക്കോട് ജില്ലയില്‍ മാത്രം കരാറുകാര്‍ക്കു നല്‍കാനുള്ളത് 900 കോടി രൂപയാണ്. ജില്ലയില്‍ അന്‍പതോളം കരാറുകാരാണുള്ളത്. ഇവര്‍ക്ക് 2023 മാര്‍ച്ച് മുതലുള്ള 20 മാസത്തെ കുടിശികയാണു ലഭിക്കാനുള്ളത്.