രാഹുൽ വായില്ലാക്കുന്നിലപ്പനായി ഇരുന്നിട്ടെന്തു കാര്യം: കെ. മുരളീധരൻ
Thursday, September 18, 2025 1:18 AM IST
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വായില്ലാക്കുന്നിലപ്പനായി ഇരുന്നിട്ട് എന്തു കാര്യമെന്ന് കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ. നിയമസഭയിലെത്തി രാഹുൽ പിണറായി സർക്കാരിന്റെ ഐശ്വര്യമായി മാറരുതെന്നും ഇനി സഭയിൽ എത്തരുതെന്നും മുരളീധരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം ഇനി സഭയിൽനിന്നു മാറിനിൽക്കുന്നതാണു നല്ലത്. വന്നാൽ ശ്രദ്ധ അതിലേക്കു പോകും. പ്രതിപക്ഷം സർക്കാരിനെതിരേ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തണോ എന്ന് അദ്ദേഹം തീരുമാനിക്കുക. പിണറായി സർക്കാരിന്റെ ഒരുപാട് മർദനങ്ങൾ ഏറ്റ ആളാണല്ലോ അദ്ദേഹം. അങ്ങനെയുള്ള വ്യക്തിതന്നെ പിണറായി സർക്കാരിന്റെ ഐശ്യര്യമായി മാറരുത്.
പോലീസ് മർദനങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി ദുർബലമാണെന്നും കെ. മുരളീധരൻ പറഞ്ഞു.