തമിഴ്നാടിന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ
Thursday, September 18, 2025 1:18 AM IST
കൊല്ലം: മധുര-ബംഗളുരു വന്ദേ ഭാരതിനും ദക്ഷിണേന്ത്യയിലെ ആദ്യ അമൃത് ഭാരത് എക്സ്പ്രസിനും പുറമേ തമിഴ്നാടിന് കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് റെയിൽവേ.
രണ്ട് പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സ്പെഷലുകളാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ആദ്യത്തേത് നാഗർകോവിൽ -താംബരം റൂട്ടിലും രണ്ടാമത്തേത് നാഗർകോവിൽ - എംജിആർ ചെന്നൈ സെൻട്രൽ റൂട്ടിലുമാണ് അനുവദിച്ചിട്ടുള്ളത്. ഇരു ദിശകളിലും സർവീസ് ഉണ്ട്.
നാഗർകോവിൽ -താംബരം സർവീസ് 28 മുതലാണ് ആരംഭിക്കുക. നാഗർകോവിൽ - ചെന്നൈ ട്രെയിൻ ഈ മാസം 30 മുതൽ തുടങ്ങുമെന്നുമാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പിൽ പറയുന്നത്.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ അവിടേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതെന്ന ആരോപണം ശക്തമാണ്.
അടുത്തിടെ തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചുകളിൽനിന്ന് 20 ആയി ഉയർത്തിയിരുന്നു. അപ്പോൾ ഉണ്ടായിരുന്ന 16 കോച്ചുള്ള വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് ലഭിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാൽ ട്രെയിൻ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിലനിർത്താതെ രഹസ്യമായി തമിഴ്നാട്ടിലെ മധുര ഡിവിഷന് കൈമാറുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഈ റേക്ക് ഉപയോഗിച്ച് മധുര-ബംഗളുരു റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിക്കുകയും ചെയ്തു.
അതിനു തൊട്ടുപുറകെയാണ് ദക്ഷിണ റെയിൽവേക്ക് അനുവദിച്ച ആദ്യ അമൃത് ഭാരത് എക്സ്പ്രസും തമിഴ്നാടിന് അനുവദിച്ചത്. തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് ബിഹാറിലെ ജോഗ്ബാനിയിലേക്ക് സർവീസ് ആരംഭിച്ച് കഴിഞ്ഞു.
കേരളത്തെ റെയിൽവേ അധികൃതർ നിരന്തരം അവഗണിക്കുകയാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ദക്ഷിണ റെയിൽവേയിലെ തമിഴ്നാട് ലോബിയുടെ അതിശക്തമായ സ്വാധീനവും ഇതിന് പിന്നിലുണ്ട്.