പിണറായി കണ്ട പോലീസിന്റെ ‘ജനോന്മുഖഭാവം’
Wednesday, September 17, 2025 1:36 AM IST
സാബു ജോണ്
തിരുവനന്തപുരം: പോലീസ് മർദനത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ച തുടങ്ങി വച്ച പ്രതിപക്ഷത്തെ റോജി എം. ജോണ് ആദ്യംതന്നെ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അഭ്യർഥന നടത്തി. ഒറ്റപ്പെട്ട സംഭവം എന്നും പോലീസിന്റെ മനോവീര്യം തകരും എന്നുമുള്ള പതിവു പല്ലവി നടത്തരുത്. എൻ. ഷംസുദ്ദീനും ഇതുതന്നെ പറഞ്ഞു.
പക്ഷേ മുഖ്യമന്ത്രിയുടെ നിലപാടിൽ ഒരു മാറ്റവുമുണ്ടായില്ല. കോവിഡ് കാലത്തും പ്രകൃതിക്ഷോഭ കാലത്തുമെല്ലാം ജീവൻ പണയംവച്ച് ജനസേവനം കാഴ്ചവച്ച കേരള പോലീസിന്റെ ’ജനോന്മുഖഭാവം’ ആണു മുഖ്യമന്ത്രി സഭയിൽ വരച്ചുകാണിച്ചത്.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ കാറ്റൂരിവിടാൻ സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യുന്ന അടിയന്തരപ്രമേയം അനുവദിക്കുക എന്ന തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ പരീക്ഷിക്കാറുണ്ട്. അതു വിജയമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.
ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആകെ 30 തവണ മാത്രം അടിയന്തരപ്രമേയം അനുവദിച്ചതിൽ പതിനാറും ഈ നിയമസഭയുടെ കാലയളവിലാണ്. എത്ര ഉദാത്തമായ ജനാധിപത്യ മനസ് !
ഒരു മുഴം നീട്ടിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം ഇന്നലെ ഭരണപക്ഷത്തെ നേരിട്ടത്. മുഖ്യമന്ത്രിയുടെ മറുപടിക്കു മുന്പേ പ്രതിപക്ഷ നേതാവ് പ്രതിപക്ഷാംഗങ്ങളുടെ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് മുന്നോട്ടുവച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി അംഗീകരിക്കുമോ എന്നു കാത്തിരിക്കാൻ പോലും തയാറായില്ല.
അടിയന്തരപ്രമേയം അവതരിപ്പിച്ചു പ്രസംഗിച്ച റോജി എം. ജോണ് ഉൾപ്പെടെ പ്രതിപക്ഷത്തുനിന്നുള്ള മൂന്നു പേർ 1977 മാർച്ച് 30 ന് കേരള നിയമസഭയിൽ ഒരു യുവ എംഎൽഎ നടത്തിയ പ്രസംഗം ഉദ്ധരിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന ലോക്കപ്പ് പീഡനത്തെക്കുറിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗമായിരുന്നു അത്. പോലീസിനെ ഈ വിധം കയറൂരി വിടാനാണോ തീരുമാനമെന്ന് അന്നു പിണറായി വിജയൻ കെ. കരുണാകരനോടു ചോദിച്ചു. 48 വർഷത്തിനു ശേഷം താൻ അതേ പിണറായി വിജയനോട് അതേ ചോദ്യം ചോദിക്കുകയാണെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. മാത്യു കുഴൽനാടനും ഇതേ പ്രസംഗം ഉദ്ധരിച്ചു.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുങ്ങിത്തന്നെയാണു വന്നത്. ഭരണപക്ഷത്തിന്റെ ലൈൻ ആദ്യം പ്രസംഗിച്ച സേവ്യർ ചിറ്റിലപ്പിള്ളിതന്നെ വ്യക്തമാക്കി. രണ്ടര വർഷം മുന്പു നടന്ന സംഭവത്തിൽ ഇപ്പോൾ എന്ത് അടിയന്തരപ്രാധാന്യം, എന്തുകൊണ്ട് അന്നു പ്രതിഷേധിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾ സേവ്യർ പ്രതിപക്ഷത്തിനു നേർക്കു തൊടുത്തുവിട്ടു. കുന്നംകുളം പോലീസ് സ്റ്റേഷനിൽ പോലീസ് പീഡനം ഏറ്റുവാങ്ങിയ സുജിത് നിരവധി കേസുകളിൽ പ്രതിയാണെന്നും സേവ്യർ ചൂണ്ടിക്കാട്ടി.
കോണ്ഗ്രസ് ഭരണകാലത്തെ തങ്കമണി, മുത്തങ്ങ സംഭവം, കീഴ്മാട് അന്ധവിദ്യാലയത്തിലെ പോലീസ് അതിക്രമം, തലശേരി കലാപം, മാറാട് കലാപം തുടങ്ങി പതിറ്റാണ്ടു മുന്പു നടന്ന സംഭവങ്ങൾ വരെ നിരത്തിയായിരുന്നു പിന്നീടങ്ങോട്ടു പ്രസംഗിച്ച മുഖ്യമന്ത്രി വരെയുള്ളവർ പ്രതിരോധം തീർത്തത്.
കോണ്ഗ്രസ് ഭരിക്കുന്പോൾ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുമെങ്കിൽ തങ്ങൾ ഭരിക്കുന്പോൾ നടപടി സ്വീകരിക്കുമെന്നു പറഞ്ഞ് ഇരുകൂട്ടരുടെയും സമീപനത്തിലെ വ്യത്യാസം കൂടി മുഖ്യമന്ത്രി എടുത്തു കാട്ടി. മാത്യു ടി. തോമസ് പരോക്ഷമായും കെ.വി. സുമേഷും കെ.ടി. ജലീലും നേരിട്ടും രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരു പരാമർശിച്ചു പോയി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഭരണപക്ഷത്തുനിന്നു കമന്റുകൾ ഉയർന്നു തുടങ്ങി. എന്നെ തടപ്പെടുത്തിയാൽ മുഖ്യമന്ത്രിയും സംസാരിക്കില്ലെന്നു സതീശൻ കടുപ്പിച്ചപ്പോൾ സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ട് ഭരണപക്ഷാംഗങ്ങളെ നിയന്ത്രിച്ചു.
ബ്രിട്ടീഷ് കാലത്തെ പോലീസിന്റെ ചരിത്രം മുതൽ പറഞ്ഞു പഠിപ്പിച്ചു തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ മുക്കാൽ മണിക്കൂറോളം പ്രസംഗിച്ചു. സുജിത്തിനെ മർദിച്ച പോലീസുകാരെ പിരിച്ചു വിടുമോ എന്നു പ്രതിപക്ഷ നേതാവ് വീണ്ടും ചോദിച്ചെങ്കിലും മുഖ്യമന്ത്രി അതിൽ കൊത്തിയില്ല.
സമീപകാലത്തു പുറത്തുവന്ന എല്ലാ പോലീസ് മർദന സംഭവങ്ങളും എടുത്തുപറഞ്ഞ് കൈക്കൊണ്ട നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി സീറ്റിലിരുന്നു. ഒരുങ്ങി വന്നിരുന്ന പ്രതിക്ഷം പ്ലക്കാർഡുകളും പുറത്തെടുത്ത് മുദ്രാവാക്യം മുഴക്കി അടുത്ത പോർമുഖം തുറക്കാനായി സഭാകവാടത്തിലേക്കു നീങ്ങി. ഇന്നു സഭ സമ്മേളിക്കുന്പോൾ സഭാകവാടത്തിൽ രണ്ടു സത്യഗ്രഹികൾ ഇരിപ്പുണ്ടാകും. പ്രതിപക്ഷത്തിന്റെ അടുത്ത തന്ത്രം എന്തെന്ന് ഇന്നറിയാം.
ഇന്നലെ രണ്ടു ബില്ലുകൾ സഭയുടെ പരിഗണനയ്ക്കു വന്നു. ചർച്ചയ്ക്കു ശേഷം രണ്ടും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.