ശസ്ത്രക്രിയ ഒഴിവാക്കി അപ്പെന്‍ഡിക്സ് പോളിപ്പ് നീക്കംചെയ്തു കാരിത്താസ്
Wednesday, September 17, 2025 1:37 AM IST
കോട്ടയം: അപൂര്‍വ ചികിത്സാ വിജയവുമായി കോട്ടയം കാരിത്താസ് ആശുപത്രി. ശസ്ത്രക്രിയ ഒഴിവാക്കി എന്‍ഡോസ്കോപ്പി വഴി അപ്പെന്‍ഡിക്സ് പോളിപ്പ് നീക്കം ചെയ്താണ് കാരിത്താസ് ആശുപത്രി അപൂര്‍വ ചികിത്സാവിജയം നേടിയത്.
71 വയസുള്ള രോഗിയില്‍ കണ്ടെത്തിയ അപൂര്‍വമായ അപെന്‍ഡിക്സ് പോളിപ്പ് (സെസൈല് സെറേറ്റഡ് ലെഷന് ഡിസ്പ്ലേഷ്യ) ശസ്ത്രക്രിയ ഒഴിവാക്കി, എന്‍ഡോസ്കോപ്പിക് സബ്മ്യൂകോസല്‍ ഡിസെക്ഷന്‍ എന്ന അഡ്വാന്‍സ്ഡ് ടിഷ്യൂ റിസെക്ഷന്‍ രീതി ഉപയോഗിച്ച് വിജയകരമായി നീക്കം ചെയ്തു.
സാധാരണയായി അപെന്‍ഡിക്സ് ദ്വാരത്തോട് ചേര്‍ന്നുള്ള പോളിപ്പുകള്‍ കണ്ടെത്തുമ്പോള്‍ അപെന്‍ഡിക്സ് സഹിതം കോളന്റെ ഒരു ഭാഗം ശസ്ത്രക്രിയവഴി നീക്കം ചെയ്യുകയാണു പതിവ്. ഈ രോഗിയില്‍ ശസ്ത്രക്രിയ ആവശ്യമില്ലാതെ അത്യന്തം സൂക്ഷ്മവും കൃത്യവുമായ ഇഎസ്ഡി രീതി ഉപയോഗിച്ച് പോളിപ്പ് പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചു. ആര്‍ഒ റിസെക്ഷന്‍ എന്നത് പോളിപ്പിന്റെ എല്ലാ ഭാഗങ്ങളും പൂര്‍ണമായി നീക്കം ചെയ്ത് അത് വീണ്ടും വളരുന്നതോ കാന്‍സറിലേക്ക് പുരോഗമിക്കുന്നതോ തടയുന്ന പ്രക്രിയയാണ്.
ഈ ചികിത്സയില്‍, പോളിപ്പ് സെസൈല് സെറേറ്റഡ് ലെഷന് ഡിസ്പ്ലേഷ്യ ആണെന്ന് തിരിച്ചറിഞ്ഞു. എസ്എസ്എല് - ഡി എന്നത് പ്രീ-കാന്‍സറസ് അവസ്ഥയാണ്, അതായത്, ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ കാന്‍സറിലേക്ക് മാറാനുള്ള ഉയര്‍ന്ന സാധ്യതയുള്ള ഒരു അവസ്ഥ.
ഇത്തരം പോളിപ്പുകള്‍ കൃത്യമായി നീക്കം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ഇവ കോളോറെക്ടല്‍ കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഈ നേട്ടം ഡോ. ദീപക് മധുവിന്റെ വിദഗ്ധ പരിചയത്തിന്റെയും ജപ്പാനിലെ ടോക്കിയേയില്‍ നേടിയ ദീര്‍ഘകാല അഡ്വാന്‍സ് ഡ് ക്ലിനിക്കല്‍ പരിശീലനത്തിന്റെയും ഫലമാണ്.
2024 ഏപ്രില്‍ മുതല്‍ കാരിത്താസ് ആശുപത്രിയില്‍ നടത്തുന്ന അഡ്വാന്‍സ്ഡ് ടിഷ്യൂ റിസെക്ഷന്‍ നടപടികളും ഈ നേട്ടത്തിന് അടിത്തറയായി. ഈ പ്രക്രിയയില്‍, എന്‍ഡോസ്കോപ്പ് എന്ന ഉപകരണം ഉപയോഗിച്ച്, ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ, പോളിപ്പിനെ അതിന്റെ ഉപരിതലത്തില്‍നിന്ന് സൂക്ഷ്മമായി വേര്‍തിരിച്ചെടുക്കുകയാണു ചെയ്തത്. ഈ ചികിത്സയുടെ ഒരു പ്രധാന സവിശേഷത, രോഗിക്ക് ചികിത്സയ്ക്കുശേഷം അടുത്തദിവസം തന്നെ ഭക്ഷണം കഴിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിഞ്ഞു എന്നതാണ്.
കാരിത്താസ് ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളും ഈ നേട്ടത്തിന് സഹായകമായതായി ഡോ. ദീപക് മധു പറഞ്ഞു. ഈ വിജയം കാരിത്താസ് ആശുപത്രിയുടെ രോഗികളോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. ഏറ്റവും നൂതനമായ ചികിത്സകള്‍ രോഗികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് കാരിത്താസ് ആശുപത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്-ഡി പോലുള്ള അപൂര്‍വ പോളിപ്പുകള്‍, കൃത്യമായി കണ്ടെത്തി, ശസ്ത്രക്രിയ ഒഴിവാക്കി ചികിത്സിക്കാന്‍ കഴിയുന്നത്, ആരോഗ്യ മേഖലയിലെ ഒരു വലിയ മുന്നേറ്റമാണ്. ഈ ചികിത്സ കേരളത്തിലെ രോഗികള്‍ക്ക് ലോകോത്തര നിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നതിനുള്ള കാരിത്താസ് ആശുപത്രിയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണെന്നും കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.