14,194 കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകി: മുഖ്യമന്ത്രി
Wednesday, September 17, 2025 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കെ ഫോണ് പദ്ധതിയുടെ ഭാഗമായി 14,194 കുടുംബങ്ങൾക്കു സൗജന്യ കണക്ഷനടക്കം 1,19,910 കണക്ഷനുകൾ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
23,355 സർക്കാർ ഓഫീസുകളിലും കണക്ഷൻ സജ്ജമായിട്ടുണ്ട്. ഇതിനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന 79,123 എഫ് ടി ടി എച്ച് കണക്ഷനുകളും നൽകിയിട്ടുണ്ട്.
നിലവിൽ 30, 272 കിലോമീറ്റർ ഫൈബർ ഒപ്റ്റിക്കൽ കേബിൾ പൂർത്തീകരിച്ചു. കോർപറേറ്റ് സ്ഥാപനങ്ങൾക്കും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്കുമായി 220 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുകളും 265 ബ്രോഡ്ബ്രാൻഡ് കണക്ഷനുകളും നൽകിയിട്ടുണ്ട്.
മഞ്ഞ, പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ കണക്ഷന് അപേക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒടിടി സേവനങ്ങളും കെ ഫോണ് നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യാപാരത്തിൽ കുറവുണ്ടാകാൻ സാധ്യത
യുഎസ് താരിഫ് വർധന കാരണം സംസ്ഥാനത്തിന്റെ വ്യാപാര അളവിൽ 40 ശതമാനം മുതൽ 60 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കപ്പൽ മുങ്ങിയ സംഭവത്തിൽ പഠനം തുടരുന്നു
കൊച്ചി തീരക്കടലിൽ എംഎസ്സി എൽസ-3 എന്ന കപ്പൽ മുങ്ങിയ സംഭവത്തെ തുടർന്നു കടലിലും തീരത്തും ഉണ്ടായ പാരിസ്ഥിതിക നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി ഒരു ദീർഘകാല പഠനം നടത്തുന്നതിനു മലിനീകരണ നിയന്ത്രണ ബോർഡ് സിഎസ്ഐആർ-എൻഐഒയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.