മുട്ടത്തുവർക്കിയുടെ സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക് സമർപ്പിച്ചു
Wednesday, September 17, 2025 1:37 AM IST
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തുവർക്കിക്ക് 1968ൽ ലഭിച്ച സാഹിത്യതാരം സ്വർണപ്പതക്കം ഇനി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തം.
സർവകലാശാലയിലെ രംഗശാലയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ആർ. പ്രസാദിനു സ്വർണപ്പതക്കം കൈമാറി. മുട്ടത്തുവർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) ഭാഗമായുള്ള സ്വർണപതക്കമാണ് മലയാള സർവകലാശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ സമർപ്പിച്ചത്. മലയാളത്തിൽ ജനപ്രിയ നോവൽശാഖയ്ക്കു തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്. 9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണ് സർവകലാശാലയ്ക്കു നൽകിയത്.
മുട്ടത്തുവർക്കിയുടെ രണ്ടാമത്തെ മകൻ ജോസഫിന്റെ ഭാര്യ അന്നയ്ക്കാണ് പതക്കം നൽകിയിരുന്നത്. ദക്ഷിണേഷ്യൻ ഭാഷകൾ പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു സർവകലാശാലയ്ക്ക് ഇതു കൈമാറാനായിരുന്നു അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന അന്ന മുട്ടത്തിന് താത്പര്യം. അമേരിക്കയിലുണ്ടായിരുന്ന എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവിയോട് ഇക്കാര്യം അന്ന പറഞ്ഞിരുന്നു. തിരൂരിലെ മലയാള സർവകലാശാലയ്ക്കു സ്വർണപ്പതക്കം നൽകുന്നത് ഉചിതമാകുമെന്ന് രതീദേവി അഭിപ്രായപ്പെട്ടു. അന്ന അത് അംഗീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സ്വർണപ്പതക്കം കൈമാറാനുള്ള തീരുമാനം.
എഴുത്തുകാരൻ വി.ജെ. ജയിംസ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി സമർപ്പണ സന്ദേശം നൽകി. അന്ന മുട്ടത്ത് ന്യൂയോർക്കിൽനിന്നു വീഡിയോ സന്ദേശം നൽകി. തുടർന്ന് നടന്ന ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന ചർച്ചയിൽ പ്രഫസർ എ.ജി. ഒലീന, ഡോ. കെ. എം. അനിൽ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ മുട്ടത്തുവർക്കിയുടെ ‘പാടാത്ത പൈങ്കിളി’യുടെ എഴുപതാം വാർഷിക പതിപ്പ് കെ.പി. രാമനുണ്ണി അഡ്വ. രതീദേവിക്ക് നൽകി പ്രകാശനം ചെയ്തു. ദീപിക വാർഷിക പതിപ്പ് എഡിറ്റർ ഇൻ ചാർജ് ജോസ് ആൻഡ്രൂസ് പുസ്തകം പരിചയപ്പെടുത്തി. ‘പാടാത്ത പൈങ്കിളി’ എഴുപതാം വാർഷികം പ്രമാണിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർഷിക പതിപ്പാണ് പ്രകാശനം ചെയതത്. ദീപിക വാരാന്ത്യപ്പതിപ്പിലാണു പാടാത്ത പൈങ്കിളി ആദ്യമായി പ്രസിദ്ധീകരിച്ചത്.
മുട്ടത്തുവർക്കിയുടെ ഓർമകൾ അവലംബിച്ച് അന്ന മുട്ടത്ത് എഴുതിയ ‘ഓർമയുടെ ഈണങ്ങൾ’ എന്ന പുസ്തകം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ ജോയ് വള്ളുവനാടൻ അഡ്വ. രതീദേവിക്കു നൽകി പ്രകാശനം ചെയ്തു. മുട്ടത്തുവർക്കി ഗ്ലോബൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മലയാളം സർവകലാശാലയിലെ വിദ്യാർഥികളിലെ മികച്ച സർഗാത്മക രചനയ്ക്കുള്ള പ്രഥമ പുരസ്കാരം ടി.എസ്. സ്നേഹയ്ക്ക് രതീദേവി കൈമാറി.
കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ചിത്രകാരി എൻ.ബി. ലതാദേവി, ഡോ. സി. ഗണേഷ്, ജോസ് ആൻഡ്രൂസ്, അനിൽ പെണ്ണൂക്കര, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.പി.ഒ. റഹ്മത്തുള്ള, വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി എം. ശ്യാം ശങ്കർ, മലയാളം സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, മലയാളം സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ധന്യ എന്നിവർ പ്രസംഗിച്ചു. മുട്ടത്തുവർക്കിയുടെ ചലച്ചിത്രങ്ങളിൽ നിന്നുള്ള ഗാനങ്ങൾ ബിജു ശശികുമാർ ആലപിച്ചു.
മുട്ടത്തുവർക്കിയെക്കുറിച്ച് റോയ് പി. തോമസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.