സുജിത്ത് വിവിധ കേസുകളിൽ പ്രതി; ഒമ്പതു വർഷത്തിനിടെ 144 പോലീസുകാരെ പിരിച്ചുവിട്ടു
Wednesday, September 17, 2025 1:37 AM IST
തിരുവനന്തപുരം: കുന്നംകുളം പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായ യൂത്ത് കോണ്ഗ്രസ് നേതാവ് സുജിത്തിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എരുമപ്പെട്ടി, കുന്നംകുളം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ് സുജിത്തെന്ന് അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ ഒൻപതു വർഷത്തിനിടെ 144 പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. 2016 മേയ് മുതൽ 2024 ജൂലൈ വരെ 108 പോലീസുകാരെയും 2024 ഒക്ടോബർ മുതൽ ഇപ്പോൾ വരെ 36 പോലീസ് ഉദ്യോഗസ്ഥരെയുമാണു പിരിച്ചുവിട്ടത്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഇത്ര കഠിനമായ ശിക്ഷാ നടപടി സ്വീകരിച്ച മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല.
സുജിത്തിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടു 2023ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐക്കു പുറമേ നാല് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. തുടർന്ന് ആരോപണ വിധേയർക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി. എസ്ഐ അടക്കം മൂന്നു പേരുടെ വാർഷികവേതന വർധന രണ്ടു വർഷത്തേക്കു തടഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സുജിത്ത് ഫയൽ ചെയ്ത സ്വകാര്യ അന്യായം കോടതി ഫയലിൽ സ്വീകരിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചു. തുടർന്ന്, ഉത്തരമേഖല ഐജിയുടെ 2025ലെ ഉത്തരവ് പ്രകാരം, ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഒപ്പം വകുപ്പുതല അച്ചടക്ക നടപടിയുടെ പുനഃപരിശോധനാ നടപടി നടക്കുന്നു.
പീച്ചിയിലെ ഹോട്ടലിലെ വാക്കുതർക്കവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയുടെ മകനെയും ജീവനക്കാരെയും സ്റ്റേഷനിൽ വച്ച് എസ്എച്ച്ഒ രതീഷ് മർദിക്കുകയും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലടയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതി ലഭിച്ചിരുന്നു.
രണ്ടു കേസുകളുടെ അന്വേഷണം നടത്താനായി മണ്ണുത്തി ഐഎസ്എച്ച്ഒയെ ചുമതലപ്പെടുത്തി. പരാതിയെ തുടർന്ന് രതീഷിനെ തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റിലേക്കു മാറ്റി.
കൊല്ലം കണ്ണനല്ലൂർ സ്റ്റേഷനിൽ പരാതിക്കാരിയോടൊപ്പം എത്തിയ സജീവ് പോലീസ് ഉദ്യോഗസ്ഥനോടു കയർത്തു സംസാരിക്കുകയും വീണ്ടും സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
പോലീസ് കംപ്ലയൻസ് അഥോറിറ്റിയിൽ 2017ൽ 808 പരാതികളാണ് ഉണ്ടായിരുന്നത്. 2021ൽ 272 പരാതികൾ രജിസ്റ്റർ ചെയ്തു. 270 എണ്ണം തീർപ്പാക്കി.
2022ലും 2023ലും 146 വീതം പരാതികളാണ് ഉണ്ടായത്. 2024ൽ 94, 2025ൽ 45 പരാതികൾ അഥോറിറ്റിക്ക് ലഭിച്ചു. പരാതികളുടെ എണ്ണത്തിൽ സ്വാഭാവിക കുറവുണ്ടായതാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.