ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന് വകുപ്പുതല അംഗീകാരം
Wednesday, September 17, 2025 1:36 AM IST
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ട പദ്ധതിക്കു സംസ്ഥാന ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ അംഗീകാരം.
വകുപ്പുതല അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കിന്റെ നിര്‍മാണത്തിന് സുപ്രധാന കാല്‍വയ്പാണു നടന്നിരിക്കുന്നത്.
സ്ഥലം ഏറ്റെടുക്കല്‍ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് ഇനി കടക്കാം. ലാന്‍ഡ് പൂളിംഗ് വഴിയാണ് ആവശ്യമായ സ്ഥലം കണ്ടെത്തുന്നത്. ജിസിഡിഎയെയാണു ലാന്‍ഡ് പൂളിംഗ് നടത്താന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള ഇന്‍ഫോപാര്‍ക്കിന് കിഴക്കുഭാഗത്തായി 300 ഏക്കര്‍ സ്ഥലത്താണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഐടി ടവറുകള്ക്കുപുറമെ, റസിഡന്‍ഷ്യല്‍, കൊമേഴ്സല്‍ സോണുകള്‍, സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍, കണ്വന്ഷന് സെന്റർ, ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം, മ്യൂസിയം, മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സമുച്ചയങ്ങള്‍, സാംസ്കാരിക ഇടം, അര്‍ബന്‍ ഫാമിംഗ് സോണ്‍ എന്നിവയുണ്ടാകും.