പാൽവില കൂട്ടാതെ സർക്കാർ; ഭാരം പേറി ക്ഷീരകർഷകർ
Thursday, September 18, 2025 1:18 AM IST
സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തു പാലിന്റെ വിലവർധന തത്കാലം വേണ്ടെന്നു മിൽമ ഫെഡറേഷൻ തീരുമാനിച്ചതോടെ ദുരിതത്തിലാകുന്നത് സാധാരണക്കാരായ ക്ഷീരകർഷകർ. പാലിന്റെ ഉത്പാദനചെലവിനനുസരിച്ച് വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ അല്പമെങ്കിലും ആശ്വാസമാകാൻ വില കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
2022 ഡിസംബറിലാണ് സംസ്ഥാനത്ത് അവസാനമായി പാലിന്റെ വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറു രൂപ കൂട്ടിയതോടെയാണു നിലവിലെ നിരക്കായ 56ലെത്തിയത്. മൂന്നു വർഷമായിട്ടും പാൽവില വർധിപ്പിക്കാത്തതിനെതിരേ ക്ഷീര കർഷക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇക്കുറി ചെറിയതോതിലെങ്കിലും വില കൂട്ടുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. 2019 സെപ്റ്റംബറിലും പാലിന് വിലവർധന നടപ്പാക്കിയിരുന്നു.
കാലിത്തീറ്റയുടെയും വൈക്കോലിന്റെയും വില ഉയർന്നതാണ് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയത്. കന്നുകാലികളുടെ ചികിത്സ, കൃത്രിമ ബീജസങ്കലനം, പണിക്കൂലി തുടങ്ങിയ ചെലവുകൾ വേറെയും.
ശരാശരി 38-40 രൂപയാണു പ്രാഥമിക സഹകരണ സംഘങ്ങളില്‍ പാല് നല്കുന്ന കര്‍ഷകനു ലഭിക്കുന്നത്. സംസ്ഥാന ക്ഷീരവിപണന ഫെഡറേഷന്റെ 2019 ലെ കണക്കുകള്‍ പ്രകാരം ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാനുള്ള ചെലവ് 48.68 രൂപയാണ്. ഈ കണക്കുകൾ പ്രകാരമെങ്കിലും ഇപ്പോഴത്തെ നിലയിൽ കര്‍ഷകനു ലിറ്ററിന് 15.01 രൂപ നഷ്ടമാണ്. സ്വന്തംനിലയിൽ ഫാം നടത്തി പ്രാദേശികമായി പാൽവില്പന നടത്തുന്നവർക്കാണ് ഈ രംഗത്ത് പിടിച്ചുനിൽക്കാനാകുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
പാലിന്റെ വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം ക്ഷീരകർഷകർ.