എഡിഎം നവീൻ ബാബുവിന്റെ മരണം: വ്യാജ പരാതി സൃഷ്ടിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേ ഒരു നടപടിയും എടുത്തില്ലെന്നു പോലീസ്
Saturday, March 22, 2025 1:37 AM IST
കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നു കാണിച്ച് പരാതി മുഖ്യമന്ത്രിക്കു നൽകിയിട്ടുണ്ടെന്ന് വരുത്തിത്തീർത്ത് പ്രചാരണം നടത്തിയ സംഭവത്തിൽ ആർക്കെതിരേയും അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നു പോലീസ്.
പെട്രോൾ പന്പ് സംരംഭകൻ ടി.വി. പ്രശാന്തൻ നവീൻ ബാബു തന്നിൽനിന്നു കൈക്കൂലി വാങ്ങിയ ശേഷമാണ് എൻഒസി നൽകിയതെന്ന് ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകിയതായും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ കോപ്പിയെന്ന പേരിൽ വ്യാജ പരാതി സൃഷ്ടിച്ചു പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ വ്യാജ പരാതി സൃഷ്ടിച്ചയാൾക്കതിരേ നടപടി വേണമെന്നു കാണിച്ച് പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂർ ജയ്സിംഗ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ എന്തു നടപടിയെടുത്തുവെന്ന് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോഴാണ് നടപടികൾ ഒന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചത്.
നവീൻ ബാബുവിന്റെ ദുരൂഹമരണം സംബന്ധിച്ച കേസിൻമേൽ അന്തിമ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കാനിരിക്കേയാണ് ഏറെ നിർണായകവും വിവാദവുമായ വ്യാജ പരാതി സൃഷ്ടിക്കലിൽ പോലീസ് നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
നേരത്തേ സംസ്ഥാന വിജിലൻസ് ഡയറക്ടറേറ്റും റവന്യു സെക്രട്ടറിയുടെ ഓഫീസും കണ്ണൂർ ജില്ലാ കളക്ടറും നവീൻ ബാബുവിനെതിരേ പരാതികൾ ലഭിച്ചിട്ടില്ലെന്നു വിവരാവകാശനിയമപ്രകാരം മറുപടി നൽകിയിരുന്നു.