യുജിസി ചട്ടഭേദഗതി ന്യൂനപക്ഷാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം: സിനഡല്‍ കമ്മീഷൻ
Thursday, January 30, 2025 3:50 AM IST
ചങ്ങനാശേരി: യുജിസി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരടുരേഖ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്ന് സീറോമലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള സിനഡല്‍ കമ്മീഷന്.
2018ലെ നിബന്ധനകള്‍ അഭികാമ്യമായതിനാല്‍ അവ തുടരണമെന്നും കമ്മീഷൻ ചെയര്മാന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ജനറല്‍ എഡ്യുക്കേഷന്‍ സെക്രട്ടറി ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍, കൂത്തുപറന്പ് നിര്‍മലഗിരി കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോബി ജേക്കബ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2018ലെ ക്രിയാത്മകമായ പല നിബന്ധനകളും പുതിയ കരടില്‍ നീക്കം ചെയ്തത് ആശങ്കാജനകവും നിഗൂഢവുമാണ്. യുജിസി റെഗുലേഷന് കരടില്‍ ന്യൂനപക്ഷങ്ങള്ക്കുണ്ടായേക്കാവുന്ന ഭീഷണികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കരട് സംബന്ധിച്ചുള്ള ആശങ്കകളും നിര്‍ദേശങ്ങളും യുജിസിയെ അറിയിക്കും. വിദ്യാഭ്യാസാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇവർ കൂട്ടിച്ചേര്‍ത്തു.
യുജിസി റെഗുലേഷന്‍സ് 2025 കരടുരേഖ വിശകലനം ചെയ്യുന്നതിനായി സീറോമലബാര്‍ സിനഡിന്റെ വിദ്യാഭ്യാസത്തിനായുള്ള കമ്മീഷന്റെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്ബി കോളജില്‍ സംഘടിപ്പിച്ച സിമ്പോസിയത്തിൽ വിശദമായ ചർച്ചകൾ നടന്നിരുന്നു.
സിമ്പോസിയത്തില്‍ ഉയര്‍ന്ന സുപ്രധാന നിരീക്ഷണങ്ങള്‍
1. യുജിസിയുടെ പുതിയ റെഗുലേഷനുകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നേരിട്ടു പ്രസിദ്ധീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നു.
2. റെഗുലേഷന് ന്യൂനപക്ഷ അവകാശങ്ങള്‍ പരിഗണിക്കുന്നില്ല.
3. നിര്‍ദേശങ്ങള്‍ പലതും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് ഹാനികരമാണ്.
4. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ നിലനില്‍പ്പിനെ അവഗണിക്കുന്ന പുതിയ യുജിസി നിയന്ത്രണങ്ങളെക്കുറിച്ചും ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുവായ ആശങ്കകളെക്കുറിച്ചും ഒരു കൂട്ടായ അഖിലേന്ത്യാ പ്രതികരണം കാലഘട്ടത്തിന്റെ ആവശ്യമാണ്.
5. വിദ്യാഭ്യാസമേഖലയില്‍ മാനേജ്മെന്റുകളുടെ പങ്ക് കുറയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാകാനിടയുണ്ട്.
6. സ്റ്റാഫ് നിയമനം, പ്രിന്‍സിപ്പല്‍ നിയമനം, റിസര്‍ച്ച് ലേഖനങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവയില്‍ വ്യക്തതയില്ല.
7. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യേതര ചുമതലകളെ അവഗണിക്കുന്ന നയം കരടുരേഖയുടെ വലിയ പോരായ്മയാണ്.
8. കോളജ് അധ്യാപക നിയമനത്തിനുള്ള പുതിയ മാനദണ്ഡങ്ങള്‍, യോഗ്യതാ നിര്‍ണയത്തിലെ ശ്രദ്ധേയമായ സംഭാവനകള്‍ (ഡ്രാഫ്റ്റ് 3.8) തുടങ്ങിയവയില്‍ അവ്യക്തതകള്‍ നിലനിൽക്കുന്നു.