ബ്രൂവറി അഴിമതി സിബിഐ അന്വേഷിക്കണമെന്നു വി.കെ. ശ്രീകണ്ഠൻ
Friday, January 31, 2025 1:36 AM IST
പാലക്കാട്: വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത പ്രദേശം ബ്രൂവറിക്കുവേണ്ടി നൽകിയതിനുപിന്നില് കോടികളുടെ അഴിമതിയാണ് നടന്നതെന്നും വിഷയം സിബിഐ അന്വേഷിക്കണമെന്നും വി.കെ. ശ്രീകണ്ഠന് എംപി.
ഒയാസിസ് കമ്പനിയുടെ നികുതിരേഖകളില്തന്നെ പൊരുത്തക്കേടുണ്ട്. 26 ഏക്കര്‍ ഭൂമി കമ്പനിക്കുണ്ടെന്ന് അവകാശപ്പെടുമ്പോള്‍ നികുതി അടച്ചത് 21 ഏക്കറിനുമാത്രമാണ്. ഇതില്‍ ആറേക്കര്‍ തരംമാറ്റാന്‍ കഴിയാത്ത നിലമാണ്. ഇതു വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും എംപി മാധ്യമങ്ങളോടു പറഞ്ഞു.
അഞ്ച് ഏക്കറിലും മഴവെള്ള സംഭരണി നിര്‍മിക്കുമെന്നാണ് അവകാശവാദം. വ്യവസായത്തിനു 10 ഏക്കര്‍ സ്ഥലം മതിയെന്നുപറയുന്നതും വിശ്വാസയോഗ്യമല്ല. സമീപത്തെ മഴവെള്ള സംഭരണപദ്ധതികള്‍ പരാജയമാണ്. മഴനിഴല്മേഖലയിലാണ് കമ്പനി സ്ഥലമെടുത്തിരിക്കുന്നത്.
മഴവെള്ള സംഭരണികൊണ്ടുമാത്രം കമ്പനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നാളിതുവരെ കിന്‍ഫ്രയ്ക്കു വെള്ളം കൊടുക്കാമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. മലമ്പുഴ ഡാം സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിയില്ലെന്നും എംപി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ 1000 മദ്യവിതരണശാല തുറക്കുകയെന്ന ചരിത്രനേട്ടത്തിനായുള്ള പ്രയത്നത്തിലാണ് എക്സൈസ് മന്ത്രിയെന്നും വി.കെ. ശ്രീകണ്ഠന് കൂട്ടിച്ചേര്‍ത്തു.