പി.പി. ദിവ്യയെ മാധ്യമങ്ങള്‍ വേട്ടയാടി: എം.വി. ജയരാജന്
Friday, January 31, 2025 1:36 AM IST
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ മാധ്യമങ്ങൾ മാസങ്ങളോളം കൊത്തിവലിച്ച് വേട്ടയാടുകയായിരുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കണ്ണൂരിൽ പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപക്ഷേ ദിവ്യക്ക് തെറ്റുപറ്റിയിട്ടുണ്ടാകാം. എന്നാൽ, അതിന്റെ പേരിൽ ഇത്രയേറെ ആക്രമിക്കേണ്ടിയിരുന്നോ എന്ന കാര്യം മാധ്യമങ്ങൾ ആലോചിക്കേണ്ടതാണ്. ഒരു സ്ത്രീയാണെന്ന പരിഗണനപോലും നൽകാതെയാണ് അവരെ നിരന്തരം വേട്ടയാടിയത്. വയനാട്ടില്‍ ഡിസിസി ട്രഷറര്‍ എൻ.എം. വിജയന് കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തിട്ടും കോണ്‍ഗ്രസ് നേതാക്കളെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു.
നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാക്കുറിപ്പു പോലുമില്ലായിരുന്നു. എന്നിട്ടും ദിവ്യക്കും കുടുംബമുണ്ടെന്നുപോലും ആലോചിക്കാതെ വേട്ടയാടുകയായിരുന്നു- അദ്ദേഹം പറഞ്ഞു.