നവീന്‍ ബാബുവിന്റെ മരണം; അപ്പീല്‍ നല്കി ഭാര്യ മഞ്ജുഷ
Thursday, January 30, 2025 3:50 AM IST
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി.
അന്വേഷണാവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയാണ് അപ്പീല്‍ നല്‍കിയത്. നവീന്‍ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന് ബലമായ സംശയങ്ങളുന്നയിക്കുന്ന അപ്പീല്‍ ഡിവിഷന് ബെഞ്ച് അടുത്തദിവസം പരിഗണിക്കും.
പ്രതിയായ പി.പി. ദിവ്യക്ക് ഭരണപക്ഷത്തുള്ള സ്വാധീനമടക്കം കണക്കിലെടുത്ത് കേസ് സിബിഐക്കു കൈമാറണമെന്നാണ് ആവശ്യം. സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. നവീന്റെ അടിവസ്ത്രത്തില്‍ കണ്ട രക്തക്കറയുടെ കാര്യത്തിലടക്കം ശാസ്ത്രീയ വിശകലനങ്ങളോ പരിശോധനകളോ നടന്നിട്ടില്ല.
ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ പോരായ്മകളുണ്ട്. സര്‍ക്കാരിലും സിപിഎമ്മിലും ഉന്നത ബന്ധങ്ങളുള്ള പ്രതി അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാധ്യത സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്നും ഹര്‍ജിക്കാരി പറയുന്നു.
നവീന്റെ ശരീരം തൂങ്ങിനിന്നതിലും അധികം സമയം തറയില്‍ കിടന്നിട്ടുണ്ടാകാമെന്നാണ് ഹൃദയം നിലച്ചശേഷമുള്ള രക്തമൊഴുക്കിന്റെ ഗതി സൂചിപ്പിക്കുന്നത്. കൊലപ്പെടുത്തിയശേഷം തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. വായില്‍നിന്ന് ഉമിനീര് ഒഴുകിയിട്ടില്ല. മരണം നേരത്തേ നടന്നുവെന്ന സൂചനയാണിത്. നാക്ക് കടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നു സംശയിക്കാവുന്ന തെളിവാണിത്.
അടിവസ്ത്രത്തിലെ രക്തക്കറയ്ക്ക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉത്തരമില്ല. മൂത്രാശയക്കല്ലാകാം കാരണമെന്നു ഡോക്ടര്‍ പിന്നീട് നല്കിയ മൊഴിയാണ് കോടതി കണക്കിലെടുത്തത്.
സാമ്പത്തിക ഇടപാട് നടന്നുവെന്നു പറയുന്ന കേസില്‍ പ്രതിയും കണ്ണൂര്‍ കളക്ടറും സാക്ഷി പ്രശാന്തനും ഗൂഢാലോചന നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം തയാറായില്ല. യാത്രയയപ്പ് യോഗത്തില്‍ അധിക്ഷേപം നേരിട്ട നവീന്‍ ബാബുവിനെ പിന്നീട് ആരെല്ലാം കണ്ടുവെന്നത് പോലീസ് അന്വേഷിച്ചിട്ടില്ല.
കളക്ടറുടെ കോള്‍ ഡാറ്റയും ഓഫീസിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചില്ല. ആന്തരാവയവ, രക്തസാമ്പിളുകള്‍ ശേഖരിച്ചു സൂക്ഷിച്ചില്ല. വിഷമോ മയക്കുമരുന്നോ ഉള്ളില്ച്ചെന്നിരുന്നോ എന്നറിയാനുള്ള സാധ്യത ഇല്ലാതായി.
മരണം സംഭവിച്ച മുറിയുടെയും തൂങ്ങിയ കൊളുത്തിന്റെയും കൃത്യമായ ഉയരം രേഖപ്പെടുത്തിയില്ല. ഇന്‍ക്വസ്റ്റ് തിടുക്കത്തിലാണ് പൂര്‍ത്തിയാക്കിയതെന്നും മഞ്ജുഷഹർജിയിൽ ആരോപിക്കുന്നു.