പ്രണയം നിരസിച്ച പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു
Thursday, January 30, 2025 3:50 AM IST
കുട്ടനെല്ലൂർ: കണ്ണാറ സ്വദേശിയായ യുവാവ് കുട്ടനെല്ലൂരിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കി.
കണ്ണാറ ഓലിയനിക്കൽ അർജുൻ ലാൽ (23) ആണ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടി പ്രണയം നിരസിച്ചതിനെത്തുടർന്നാണ് ആത്മഹത്യയെന്നാണു നിഗമനം.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് കുട്ടനെല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽ യുവാവ് എത്തിയത്. ബഹളമുണ്ടാക്കിയ ഇയാൾ വീടിന്റെ ജനൽച്ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഇതിനുശേഷം വരാന്തയിൽ കയറി ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാർ ഉടൻ വെള്ളം പമ്പ് ചെയ്ത് തീകെടുത്തിയ ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ അർജുൻ ലാൽ മരിച്ചു.
സംഭവമറിഞ്ഞ് ഒല്ലൂർ പോലീസ് സഥലത്തെത്തി. പെൺകുട്ടിയുമായി ഇയാൾ മുന്പ് പരിചയത്തിലായിരുന്നെങ്കിലും കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പെൺകുട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഇട്ടതിനെച്ചൊല്ലി തർക്കം നടന്നിരുന്നു.
ഇതേത്തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. ഇന്നലെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞാണ് കുട്ടനെല്ലൂരിലേക്ക് എത്തിയത്. വഴിയിൽനിന്ന് പെട്രോൾ വാങ്ങിയതായാണ് സൂചന. യുവാവ് എത്തിയ ബൈക്ക് വീടിനു സമീപമുണ്ട്. ഒല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.