നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമര റിമാൻഡിൽ
Thursday, January 30, 2025 3:50 AM IST
ആലത്തൂർ: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കനത്ത പോലീസ് സുരക്ഷയോടെ ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ കോടതിയിൽ ഹാജരാക്കി. വൈകുന്നേരത്തോടെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
നെന്മാറ പോത്തുണ്ടി തിരുത്തൻപാടം ബോയൻകോളനിയിൽ സുധാകരൻ (58), അമ്മ ലക്ഷ്മി (76) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അയൽവാസി ചെന്താമര (58)യെയാണു കോടതി റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം.
പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച കോടതി പ്രതിയെ ഫെബ്രുവരി 12 വരെ ജുഡീഷൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവിട്ട് ആലത്തൂർ സബ്ജയിലിലേക്കു മാറ്റി. മൂന്നു പേരെ കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ നിന്ന പ്രതി തന്നെ നൂറുവർഷത്തേക്കു ശിക്ഷിക്കണം എന്നാണു കോടതിയിൽ ആവശ്യപ്പെട്ടത്. താൻ തെറ്റുചെയ്തു. മകളുടെയും മരുമകന്റെയും മുന്നിൽ തലകുനിക്കാൻ വയ്യ എന്നായിരുന്നു പ്രതികരണം.
പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി നെന്മാറ പോലീസ് സ്റ്റേഷനിലുണ്ടായതുപോലെ പൊതുജനങ്ങളുടെ വൈകാരികമായ പ്രതികരണമുണ്ടാവുമെന്നു ഭയന്ന പോലീസ് ശക്തമായ സുരക്ഷയാണ് കോടതിപരിസരത്തും ഏർപ്പെടുത്തിയിരുന്നത്. പ്രതി ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കോടതിയിൽ ഹാജരാക്കി. ചെയ്ത കുറ്റകൃത്യത്തിൽ യാതൊരു പശ്ചാത്താപവും ഇല്ലാത്ത ആളാണ് പ്രതിയെന്നു പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആസൂത്രണം ചെയ്ത കൊലപാതകം കൃത്യമായി നടപ്പാക്കാൻ കഴിഞ്ഞതിൽ പ്രതിക്ക് സന്തോഷമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജനരോഷം കുറയുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൃത്യം നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.
ലോക്കപ്പിൽ ചെന്താമര ആദ്യം ചോദിച്ചത് ചിക്കനും ചോറും
ഇരട്ടക്കൊലപാതക കേസിലെ പ്രതി ലോക്കപ്പിലെത്തിച്ചപ്പോൾ ആവശ്യപ്പെട്ടത് ചിക്കനും ചോറും. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് വനമേഖലയിൽനിന്നു പിടികൂടിയ പ്രതി ചെന്താമരയെ നെന്മാറ പോലീസ് സ്റ്റേഷനിലെത്തിച്ചത്.
ലോക്കപ്പിലേക്ക് കയറിയ ഉടനെ പ്രതി പോലീസുകാരോടു ചോദിച്ചത് ചോറുണ്ടോ, ചിക്കനുണ്ടോ എന്നായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത മെസിൽനിന്നു പോലീസ് ഇഡ്ഢലിയും ഓംലറ്റും വാങ്ങിനൽകി.
അഞ്ചുപേരെ കൊല്ലാൻ പദ്ധതിയിട്ടെന്നു മൊഴി
ഞെട്ടിക്കുന്ന വിവരങ്ങളാണു ചെന്താമര പോലീസിനു നല്കിയ മൊഴിയിലുള്ളത്. അഞ്ചു പേരെയാണ് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടത്. ഭാര്യയെ കൊല്ലാനായിരുന്നു ആദ്യം ലക്ഷ്യം വച്ചതെങ്കിലും ഇവര്‍ എവിടെയാണെന്നു കണ്ടെത്താന്‍ ചെന്താമരയ്ക്കു സാധിച്ചില്ല. തുടര്‍ന്നാണ് ശ്രദ്ധ സുധാകരനിലേക്ക് എത്തിയത്. സുധാകരനെയും അമ്മയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചാണു പാലക്കാട് എലവഞ്ചേരിയില്നിന്നു കൊടുവാള് വാങ്ങിയത്.
സുധാകരന്റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും പ്രതി നല്കിയ മൊഴിയിലുണ്ട്. നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നത്തിനു കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയെ കൊലപ്പെടുത്താൻ കാരണമെന്നുമായിരുന്നു 2019ലെ മൊഴി. എന്നാൽ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പോലീസിനോടു പറഞ്ഞത്.
കുറ്റബോധമില്ല, ചെയ്ത കൃത്യത്തിൽ പ്രതി സന്തോഷവാനെന്നു പാലക്കാട് എസ്പി
ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതിക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പാലക്കാട് എസ്പി അജിത്കുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിലാണു പ്രതിയുടെ മൊഴി എസ്പി വിശദീകരിച്ചത്. കൊലപാതകം നടന്നത് രാവിലെ പത്തിനാണ്. സംഭവത്തിനുശേഷം സ്വന്തം വീട്ടിലെത്തി.
പിന്നീട് മലയുടെ ഭാഗത്തേക്കുപോയി. പോലീസിന്റെ പരിശോധന ഇയാൾ നിരീക്ഷിച്ചു വരികയായിരുന്നു. ഭൂപ്രകൃതിയെക്കുറിച്ച് പ്രതിക്കു വ്യക്തമായ ധാരണയുമുണ്ടായിരുന്നു. ഭക്ഷണം കിട്ടാത്തതാണു പ്രതി താഴെ വരാൻ കാരണമെന്നും എസ്പി പറഞ്ഞു.
2019ലെ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ പാറമടയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. രണ്ടുമാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഇങ്ങോട്ടുവന്നത്.
പ്രതിയുടെ ജാമ്യവ്യവസ്ഥാ ലംഘനം സംബന്ധിച്ചു നെന്മാറ പോലീസിനുണ്ടായ വീഴ്ചയിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും എസ്പി പറഞ്ഞു.