എക്സൈസ് ഏമാന് കൈക്കൂലി മദ്യം
Thursday, January 30, 2025 3:50 AM IST
കൊച്ചി: കൈക്കൂലിയായി മദ്യം വാങ്ങിയ സംഭവത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സാബു കുര്യാക്കോസ്, സിവില്‍ എക്സൈസ് ഓഫീസര്‍ എച്ച്. ഹരീഷ് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തത്.
തൃപ്പൂണിത്തുറ പേട്ടയിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി മദ്യക്കുപ്പികള്‍ വാങ്ങിയതു കണ്ടെത്തിയതിനെത്തുടർന്നാണു സസ്പെന്ഷന്.
തൃപ്പൂണിത്തുറ പേട്ട കെഎസ്ബിസിയിലെ വെയര്‍ ഹൗസിംഗ് കോർപറേഷന്റെ ഗോഡൗണില്‍നിന്നും കെഎസ്ബിസി ചില്ലറ വില്പന ശാലയിലേക്കും ബാറുകളിലേക്കും മദ്യം കയറ്റിയ ലോഡുകള്‍ ലോറിയില്‍ കൊണ്ടുപോകുന്നതിന് കൈക്കൂലിയായി അവിടെ ഡ്യൂട്ടിയിലുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ മദ്യക്കുപ്പികള്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഡിസംബര്‍ 18ന് വൈകുന്നേരം 4.15 ന് എക്സൈസ് ഓഫീസില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ ഓഫീസ് മുറിയിലുണ്ടായ ബാഗില്‍നിന്ന് രണ്ട് മദ്യക്കുപ്പികളും എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സാബു കുര്യാക്കോസിന്റെ മേശയുടെ അടിയില്‍നിന്ന് രണ്ടു മദ്യക്കുപ്പികളും കണ്ടെത്തി.
ഇതു കൈക്കൂലിയായി വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിരുന്നു. പരാതിയിലെ കുറ്റാരോപിതനായ സിവില്‍ എക്സൈസ് ഓഫീസര്‍ എച്ച്. ഹരീഷ് പരിശോധനാസമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും സസ്പെന്‍ഡ് ചെയ്തത്.