മദ്യനിർമാണ പ്ലാന്റ് അനുവദിച്ചത് ആരുമായും ചർച്ച ചെയ്യാതെ
Thursday, January 30, 2025 3:50 AM IST
തിരുവനന്തപുരം: ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിനു മദ്യനിർമാണ പ്ലാന്റുകൾ അനുവദിച്ചത് മറ്റു വകുപ്പുകളുമായി ചർച്ച ചെയ്യാതെയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതു വ്യക്തമാക്കുന്ന മന്ത്രിസഭായോഗ കുറിപ്പ് സതീശൻ പുറത്തു വിട്ടു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം നടക്കവേ കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഫയൽ മന്ത്രിസഭായോഗത്തിനു സമർപ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നൽകുന്നത്. മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയൽ വ്യക്തമാക്കുന്നു.
സർക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്നാണ് ഈ വിവാദതീരുമാനം എടുത്തതെന്ന പ്രതിപക്ഷവാദം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് മന്ത്രിസഭായോഗത്തിന്റെ കുറിപ്പ്. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞതേയില്ല. മുന്നണിയിലും ചർച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവമെന്നു സതീശൻ ചോദിച്ചു.
മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ പ്രശംസിക്കുന്നുണ്ട്. അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡൽഹി മദ്യനയ കോഴക്കേസിൽ അറസ്റ്റിലായതും ഹരിയാനയിൽ നാലു കിലോമീറ്റർ ദൂരത്തിൽ ബോർവെല്ലിലൂടെ മാലിന്യം തള്ളി
ഭൂഗർഭജലം മലിനപ്പെടുത്തിയതിന് നിയമ നടപടി നേരിടുന്നതും ബോധപൂർവം മറച്ചുവച്ചു.
മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകുമെന്നു മാത്രമാണ് 2023-24ലെ മദ്യനയത്തിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം മന്ത്രിസഭായോഗത്തിനു മുന്നിൽ വന്ന കുറിപ്പിൽ സമ്മതിക്കുന്നുമുണ്ട്. ഈയൊരൊറ്റ തീരുമാനത്തിന്റെ ബലത്തിലാണ് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ്സ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി, വൈൻ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നൽകിയത്.
ഈ വിഷയത്തിൽ എൽഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നു സതീശൻ പറഞ്ഞു.