മുനമ്പം ഭൂമിപ്രശ്നം; "അന്വേഷണ കമ്മീഷന് ജുഡീഷല്‍ അധികാരമില്ല'
Thursday, January 30, 2025 3:50 AM IST
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കവിഷയത്തില്‍ അന്വേഷണ കമ്മീഷന് ജുഡീഷല്‍, അര്‍ധ ജുഡീഷല്‍ അധികാരങ്ങളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കമ്മീഷന് നടത്തുന്നത് ജുഡീഷല്‍ അന്വേഷണമല്ല, വസ്തുതാന്വേഷണമാണ്.
ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തീരുമാനമെടുക്കാനോ ശിപാര്‍ശകള്‍ സ്വമേധയാ നടപ്പാക്കാനോ അധികാരമില്ല. ഏതെങ്കിലും കോടതിയുത്തരവുകള്‍ മറികടക്കാനല്ല കമ്മീഷനെ നിയമിച്ചത്. ഈ ഭൂമിയില്‍ താമസിക്കുന്നവരുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെകൂടി ഭാഗമായി വടക്കേക്കര വില്ലേജിലെ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട ഭൂമിയുടെ നിലവിലെ സ്ഥിതി, സ്വഭാവം, അളവ് തുടങ്ങിയവയാണ് കമ്മീഷന് പരിശോധിക്കുന്നത്.
സര്‍ക്കാരിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് കമ്മീഷന്റെ ചുമതല. കമ്മീഷന്റെ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ മാത്രമേ പരാതി ഉന്നയിക്കാനാകൂ. കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. 404.76 ഏക്കര്‍ ഭൂമിയില്‍ 135.11 ഏക്കര്‍ സ്ഥലമാണ് അവശേഷിക്കുന്നതെന്നും ഭൂമിയിലേറെയും കടലെടുത്തു പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തെ വടക്കേക്കര വില്ലേജ് പഴയ സര്‍വേ നമ്പര്‍ 18ല്‍ ഉള്‍പ്പെട്ട 404.76 ഏക്കര്‍ സ്ഥലമാണ് 1950 ലെ 2115-ാം നമ്പര്‍ രേഖ പ്രകാരം കോഴിക്കോട് ഫാറൂഖ് കോളജിനു കൈമാറിയത്.
ഫാറൂഖ് കോളജ് 1967 ല്‍ നല്കിയ ഇന്‍ജംഗ്ഷന്‍ ഹര്‍ജിയില്‍ പറവൂര്‍ സബ് കോടതി 1971 ജൂലൈ 12ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈ ഭൂമിയില്‍ ശേഷിക്കുന്നത് 135.11 ഏക്കര്‍ മാത്രമാണ്. സബ് കോടതി ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
വഖഫ് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് 2010ല്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് 2019 മേയ് 20ന് വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുഹമ്മദ് സിദ്ദിഖ് സെയ്ത് വഖഫ് എന്ന പേരില്‍ മുനമ്പത്തെ ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത്.
വഖഫ് ട്രൈബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന നിലപാടാണ് ഫാറൂഖ് കോളജ് സ്വീകരിച്ചിട്ടുള്ളത്. സബ് കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനുശേഷം ഫാറൂഖ് കോളജ് സ്ഥലം പലര്‍ക്കും വില്‍ക്കുകയും വാങ്ങിയവര്‍ മറിച്ചു വില്‍ക്കുകയും ചെയ്തു.
ഇതിനിടെയാണ് വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇവിടെ ഭൂമിയുള്ളവരില്‍നിന്ന് നികുതി പിരിക്കുന്നത് റവന്യു വകുപ്പ് നിര്‍ത്തിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കുകയും വസ്തുതാന്വേഷണത്തിനായി ജുഡീഷല്‍ കമ്മീഷനെ നിയമിക്കുകയുമായിരുന്നുവെന്നും വിശദീകരണത്തില്‍ പറയുന്നു.
മുനമ്പം ജുഡീഷല്‍ കമ്മീഷന് നിയമനം ചോദ്യം ചെയ്യുന്ന ഹര്‍ജിയിലാണു സർക്കാരിന്റെ വിശദീകരണം. ഹര്‍ജിയില്‍ കക്ഷിചേരാന്‍ തര്‍ക്കഭൂമിയിലെ താമസക്കാരനായ ജോസഫ് റോക്കി ഉപഹര്‍ജി നല്കി.
വഖഫ് സംരക്ഷണ സമിതിയുടെ വാദങ്ങളെ എതിര്‍ത്തും ഭൂമി തിരിച്ചുപിടിക്കാനുള്ള വഖഫ് ബോര്‍ഡ് നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുമാണ് മുനമ്പത്തെ ഈ ഭൂമിയില്‍ 11.11 സെന്റ് പുരയിടമുള്ള ഹര്ജിക്കാരന് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഫാറൂഖ് കോളജില്‍നിന്ന് ഭൂമി വാങ്ങുന്ന 1983-93 കാലഘട്ടത്തില്‍ ഇതു വഖഫ് ഭൂമിയല്ലെന്നും 2019ല്‍ മാത്രമാണ് ഇതു വഖഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതെന്നും ഹർജിയില്‍ പറയുന്നു. ഇഷ്ടദാനം നല്കിയ ഭൂമിയെന്നാണ് 1950 കളിലെ രേഖകളിലുള്ളത്.
നിസാര്‍ കമ്മീഷന് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഇതു വഖഫ് സ്വത്തായി നിര്‍ണയിച്ചത്. താമസിക്കുന്ന ഭൂമിക്ക് സമീപകാലം വരെ വസ്തുനികുതി നല്കിയിട്ടുള്ളതാണ്. അതിനാല്‍, ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറണമെന്ന് നിര്‍ദേശം നല്‍കണം.
വിഷയത്തില്‍ മുനമ്പത്ത് ക്രമസമാധനപ്രശ്നം നിലനില്‍ക്കുകയാണ്. ഇതിനു പരിഹാരം കാണാന്‍ ജുഡീഷല്‍ കമ്മീഷന് സാധിക്കുമെന്ന് കരുതുന്നതായും ഉപഹർജിയില്‍ പറയുന്നു.