കെഎസ്ആര്‍ടിസിയിൽ വാഹനാപകട നഷ്ടപരിഹാരം ; നാലു വര്‍ഷം ചെലവിട്ടത് 150 കോടി
Tuesday, December 31, 2024 1:09 AM IST
സിജോ പൈനാടത്ത്
കൊച്ചി: ഇന്‍ഷ്വര്‍ ചെയ്യാത്ത നൂറുകണക്കിന് ബസുകള്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയിൽ അപകട നഷ്ടപരിഹാരമായി വിതരണം ചെയ്തതു കോടികള്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 150 കോടിയോളം രൂപയാണ് വിവിധ കെഎസ്ആര്‍ടിസി ബസപകടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കു നഷ്ടപരിഹാരമായി നല്‍കിയത്.
2016 -17 സാമ്പത്തികവര്‍ഷത്തിലാണ് ഏറ്റവുമധികം തുക നഷ്ടപരിഹാരമായി കൊടുത്തത്. 63.88 കോടി രൂപയാണ് ആ വര്‍ഷം കെഎസ്ആര്‍ടിസി നഷ്ടപരിഹാരത്തിനായി നല്‍കിയത്. 31.87 കോടിയാണ് 2017-18 ലെ നഷ്ടപരിഹാരത്തുക.
2018-19ല്‍ 37.59 കോടിയും 2019-20 ല്‍ 15.76 കോടിയും കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കിയതായി വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
സ്വിഫ്റ്റ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയില്‍ 5523 ബസുകളാണുള്ളത്. ഇതില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള 1194 ബസുകളിൽ 1080ഉം നിരത്തിലോടുന്നുണ്ട്. 1902 കെഎസ്ആര്‍ടിസി ബസുകള്‍ക്കും 444 കെ സ്വിഫ്റ്റ് ബസുകള്‍ക്കുമാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഉള്ളതെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ഇന്‍ഷ്വര്‍ ചെയ്യാത്ത ബസുകള്‍ അപകടത്തില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകള്‍ (എംഎസിടി) നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തുക കെഎസ്ആര്‍ടിസിയാണ് നല്കിവരുന്നതെന്ന് സിഎംഡിയുടെ കാര്യാലയം വ്യക്തമാക്കി.