പാവങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കെഎസ്സി
Sunday, November 10, 2024 1:03 AM IST
വൈപ്പിൻ: പാവപ്പെട്ട ജനങ്ങളുടെ റവന്യു അവകാശങ്ങൾ നിഷേധിച്ച് അവരെ തെരുവിലാക്കുന്ന പ്രവർത്തനമാണ് മുനന്പത്തേതെന്ന് കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ.
മുനമ്പം ഭൂസംരക്ഷണസമിതിയുടെ സമരപ്പന്തലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനും കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനുമൊപ്പം എത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അവകാശത്തിനും നീതിക്കുംവേണ്ടി കേഴുന്ന സമൂഹത്തിന് നീതിയുറപ്പാക്കാൻ ഭരണകൂടം തയാറാകണമെന്നും അല്ലാത്തപക്ഷം ബാധിക്കപ്പെട്ടവരോടൊപ്പം സമരരീതികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഡ്വ . ജോർജ് ജോസഫ്, ജോർജ് മാത്യു, ഡെൽവിൻ ജോസ്, മെൽബിൻ മാത്യു, അരബിന്ദ് ജോൺ, ജിതിൻ , ഗ്ലെൻ ക്രിസ്റ്റോ തുടങ്ങിയ സംസഥാന, ജില്ലാ ഭാരവാഹികളും സമരത്തിൽ പങ്കെടുത്തു.
“മുനന്പത്തേത് മനുഷ്യാവകാശ ധ്വംസനം’’
കൊച്ചി: മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യവുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയും എറണാകുളം -അങ്കമാലി അതിരൂപത ഭാരവാഹകളും സമരപ്പന്തലിലെത്തി.
വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ പറഞ്ഞു. എറണാകുളം - അങ്കമാലി അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
അതിരൂപത സമിതിയുടെ നേതൃത്വത്തിൽ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ റാലിയിൽ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും പങ്കെടുത്തു.
റാലിക്ക് അതിരൂപത ഭാരവാഹികളായ സെബാസ്റ്റ്യൻ ചെന്നെക്കാടൻ, എസ്.ഐ. തോമസ്, ബേബി പൊട്ടനാനി, കെ.പി. പോൾ, ജോസ് ആന്റണി, സെജോ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.