സംസ്ഥാന പദ്ധതി വെട്ടിക്കുറയ്ക്കില്ല: മന്ത്രി കെ.എൻ. ബാലഗോപാൽ
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: സംസ്ഥാന പദ്ധതി വെട്ടിക്കുറയ്ക്കുകയില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പദ്ധതി ചെലവിൽ ചില താത്കാലിക ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.
സാന്പത്തിക സ്ഥിതി മാറുന്നതനുസരിച്ച് ഈ ക്രമീകരണങ്ങളും ഒഴിവാക്കുമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് മാത്യു കുഴൽനാടൻ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആക്ഷേപം വസ്തുതാവിരുദ്ധമാണ്. ഒന്നാം പിണറായി സർക്കാരിന്റെ അഞ്ചുവർഷക്കാലം ഒരു വർഷത്തെ ശരാശരി ചെലവ് 1.17 ലക്ഷം കോടി രൂപയായിരുന്നു എങ്കിൽ ഈ സർക്കാരിന്റെ ആദ്യത്തെ മൂന്നു വർഷത്തെ ശരാശരി ചെലവ് 1.61 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ സാന്പത്തിക വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്തിന്റെ ആകെ ചെലവ് 85,700 കോടി രൂപയായിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ ആകെ ചെലവ് 94,882 കോടി രൂപയാണ്. ഏതാണ്ട് 90,00 കോടിയിലധികം രൂപ ഈ വർഷം അധികം ചെലവായിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ തനതു വരുമാനത്തിൽ റിക്കാർഡ് വർധനയുണ്ടായി.
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന കൊടിയ സാന്പത്തിക അവഗണനയാണ് ഇപ്പോൾ അനുഭവപ്പെടുന്ന സാന്പത്തിക പ്രയാസങ്ങൾക്ക് കാരണം. മുൻവർഷത്തെ അപേക്ഷിച്ച് കേന്ദ്ര വിഹിതത്തിൽ 26 ശതമാനം കുറവുണ്ടായി.
കഴിഞ്ഞ വർഷം സംസ്ഥാനത്തിനു ലഭിക്കേണ്ട ഗ്രാന്റുകളിൽ 56 ശതമാനം വരെ കേന്ദ്ര സർക്കാർ നിഷേധിച്ചു. എല്ലാ മേഖലയിലും കേരളം പിന്നോട്ടടിക്കുന്നു എന്നു പറഞ്ഞുപരത്തുന്പോഴും കേന്ദ്രസർക്കാരും ദേശീയ അന്തർദേശീയ ഏജൻസികളും പുറത്തിറക്കുന്ന പട്ടികകളിൽ കേരളം ഏറ്റവും മുന്നിലുണ്ടെന്നു മന്ത്രി പറഞ്ഞു.