കേരളത്തിൽ നികുതിവെട്ടിപ്പുകാരുടെ സമാന്തര സന്പദ്വ്യവസ്ഥ: വി.ഡി. സതീശൻ
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: നികുതി വെട്ടിപ്പുകാരുടെ നേതൃത്വത്തിലുള്ള സമാന്തരസന്പദ്ഘടനയാണ് കേരളത്തിൽ അരങ്ങുവാഴുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇങ്ങനെ പോയാൽ കേരളം തകർന്നുപോകും.
കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് മാത്യു കുഴൽനാടൻ അവതരിപ്പിച്ച അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു സതീശൻ. സ്വർണത്തിൽനിന്നു മാത്രം കോടിക്കണക്കിനു രൂപയുടെ നികുതിനഷ്ടം ഉണ്ടാകുന്നു.
എണ്ണൂറിലേറെ വരുന്ന ബാറുകളിൽ നിന്ന് നാമമാത്രമായ വിറ്റുവരവു നികുതി മാത്രമാണു ലഭിക്കുന്നത്. ഇങ്ങനെ വരുമാനം നഷ്ടപ്പെടുത്തിയ ശേഷം സാധാരണക്കാർ അടയ്ക്കേണ്ട ഫീസുകളും ചാർജുകളുമെല്ലാം വർധിപ്പിക്കാൻ സർക്കുലർ നല്കിയിരിക്കുകയാണെന്നു സതീശൻ കുറ്റപ്പെടുത്തി.
ധനകാര്യ മാനേജ്മെന്റിലെ പിഴവുകളും സാന്പത്തികനയരൂപീകരണത്തിലെ പോരായ്മകളുമാണ് സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴൽനാടൻ പറഞ്ഞു.