"കെയര്‍ ടേക്കര്‍' പരാമര്‍ശം മറുപടി അര്‍ഹിക്കുന്നതല്ലെന്ന് ഗവര്‍ണര്‍
Monday, October 14, 2024 5:44 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിക്കുള്ള അറിവ് ഇങ്ങനെയായിരിക്കാം. ഇത് അദ്ദേഹത്തിന് ചേരുന്നതാണോ? അദ്ദേഹത്തിന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല. താന്‍ വിശദീകരണം ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയോടാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് താന്‍ നടത്തിയത്, രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നു എന്ന് താന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ഡല്‍ഹിക്ക്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഡല്‍ഹിക്കു തിരിച്ചു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട് കേന്ദ്രപ്രതിനിധികളെ വിവരം ധരിപ്പിക്കുമെന്നാണ് വിവരം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുവെന്ന പരാമര്‍ശം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് നേരിട്ടു കൈമാറാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.
ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതിയോടെ വന്നാൽ മതി
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വരേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുതെന്നാണു പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്കു വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രം വന്നാല്‍ മതിയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ഗവര്‍ണറുടെ കത്തിന് അതേ നാണയത്തില്‍ രൂക്ഷമായ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. തനിക്കൊന്നും മറച്ചുവയ്ക്കാനില്ല. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണ്. താന്‍ പറയാത്ത കാര്യങ്ങള്‍ക്ക് പറഞ്ഞെന്നു വ്യാഖ്യാനിക്കരുതെന്നും ഗവര്‍ണര്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
താന്‍ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ദ ഹിന്ദു ദിനപത്രം വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് താന്‍ നടത്തിയത് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ്. പോലീസ് വെബ്സൈറ്റില്‍ ഉണ്ടെന്ന് പറഞ്ഞ് ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങള്‍ തെറ്റാണെന്നും പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അത്തരത്തില്‍ ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.