തെറ്റായ പ്രസ്താവനകള്‍ നടത്തരുതെന്ന് മാര്‍ ബോസ്കോ പുത്തൂര്‍
Monday, October 14, 2024 5:44 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കൻമാരുടെ പൗരോഹിത്യ സ്വീകരണവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍. ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ ആഹ്വാനം.
ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കുന്നതിനെതിരേയുള്ള എതിര്‍പ്പു കാരണമാണ് ഡീക്കൻമാരുടെ പൗരോഹിത്യ സ്വീകരണം 2023 ഡിസംബറിൽ നടക്കാതെപോയത്.
തുടര്‍ന്ന് വിവിധഘട്ടങ്ങളില്‍ പലതലങ്ങളിലും ഈ വിഷയം ചര്‍ച്ച ചെയ്യുകയും സഭയുടെ നിയമത്തിനു വിധേയമായി തിരുപ്പട്ടം നല്‍കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അപ്രകാരമുള്ള പരിശ്രമങ്ങളുടെ ഭാഗമായി 2024 ജൂലൈ ഒന്നിനു മേജര്‍ ആര്‍ച്ച്ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ചേര്‍ന്നു നല്കിയ വിശദീകരണക്കുറിപ്പില്‍ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വിശുദ്ധ കുര്‍ബാനയെങ്കിലും ഏകീകൃത രീതിയില്‍ അര്‍പ്പിക്കുന്നതിനു വൈദികര്‍ക്ക് ഒരു താത്കാലിക ഇളവു നല്‍കിയിരുന്നു.
വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണ രീതി അതിരൂപത മുഴുവനിലും നടപ്പിലാക്കുന്നതിലേക്കുള്ള ഒരു ഘട്ടമായാണ് ഈ ഇളവു നല്‍കിയിരുന്നത്. വൈദികര്‍ക്ക് നല്‍കിയിരിക്കുന്ന ഈ താത്കാലിക ഇളവ് അവര്‍ക്കുള്ള ആനുകൂല്യമോ അവകാശമോ അല്ലെന്നു മനസിലാക്കേണ്ടതാണ്.
അതിനാല്‍തന്നെ ഈ ഇളവ് നവവൈദികര്ക്ക് ഉണ്ടായിരിക്കുന്നതല്ലെന്നു പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഡീക്കന്മാരുടെ തിരുപ്പട്ട സ്വീകരണം നിയമാനുസൃതം നടത്താനും അവരുടെ പൗരോഹിത്യ ശുശ്രൂഷകള്‍ ക്രമീകരിക്കാനും സിനഡിന്റെ തീരുമാനപ്രകാരം മേജര്‍ ആര്‍ച്ച്ബിഷപ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2024 ജൂലൈ ഒന്നിനു നല്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നതുപോലെ ഡീക്കൻമാരുടെ പൗരോഹിത്യ സ്വീകരണം പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യം ചര്‍ച്ചകളില്‍ അംഗീകരിച്ചിട്ടുള്ളതാണ്. സഭാ നിയമമനുസരിച്ച് തിരുപ്പട്ടം സ്വീകരിക്കാന്‍ തയാറായി ഡീക്കൻമാര് സത്യവാങ്മൂലം സമര്‍പ്പിക്കാത്തതു മാത്രമാണ് അവരുടെ തിരുപ്പട്ട സ്വീകരണം നീണ്ടുപോകാനുള്ള ഏക കാരണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ശനിയാഴ്ച എല്ലാ ഡീക്കന്മാര്ക്കും കത്തു നല്‍കിയിട്ടുണ്ട്.
തിരുപ്പട്ടം സ്വീകരിക്കുന്നതിനുവേണ്ടി സീറോമലബാര്‍ സഭയിലെ എല്ലാ ഡീക്കൻമാരും സമര്‍പ്പിക്കേണ്ട സത്യവാങ്മൂലത്തിന്റെ ഫോര്‍മാറ്റും അവര്‍ക്കു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം ഒപ്പിട്ട് തിരുപ്പട്ട സ്വീകരണത്തിന്റെ തീയതിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും തീരുമാനിക്കുന്നതിനുവേണ്ടി എത്രയും വേഗം നേരില്‍ കാണുന്നതിനും ഡീക്കൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കൻമാരുടെ തിരുപ്പട്ട സ്വീകരണത്തിനു വൈദികരും അല്മായരും തടസം നില്‍ക്കരുതെന്നും സഭാ നിയമമനുസരിച്ച് തിരുപ്പട്ട സ്വീകരണം നടത്താനാവശ്യമായ സഹകരണം ഉണ്ടാകണമെന്നും മാര്‍ ബോസ്കോ പുത്തൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.