ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ന്യൂനപക്ഷക്ഷേമ വകുപ്പിനു മുന്നിൽ
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് തുടർനടപടികൾക്കായി ന്യൂനപക്ഷ ക്ഷേമവകുപ്പിനു മുന്നിൽ.
സനീഷ്കുമാർ ജോസഫിന്റെ സബ്മിഷനു മറുപടിയായി മന്ത്രി അബ്ദുറഹ്മാനാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
റിപ്പോർട്ടിന്റെ എട്ടാം അധ്യായത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിദ്യാഭ്യാസ, സാമൂഹ്യ, സാന്പത്തിക പിന്നാക്കാവസ്ഥ മറികടക്കുന്നതിനും ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി സർക്കാർതലത്തിൽ നടപടികൾ സ്വീകരിക്കുവാനായി 284 ശിപാർശകളാണ് കമ്മീഷൻ നൽകിയിട്ടുള്ളത്. നിർദേശങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് ആഭ്യന്തര വകുപ്പിൽനിന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ലഭിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ശിപാർശകളിൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണ, ന്യൂനപക്ഷ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള സമിതിയുണ്ട്. സ്വീകരിക്കേണ്ട നടപടികൾ ക്രോഡീകരിച്ച് സമിതി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങളും, ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്തവർ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൂടാതെ കുട്ടനാട്ടിലെയും മലയോര പ്രദേശങ്ങളിലെയും തീരദേശ മേഖലയിലെയും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പരിമിതികളും പ്രശ്നപരിഹാര നിർദേശങ്ങളും കമ്മീഷന്റെ റിപ്പോർട്ടിൽ ഉൾപ്പെടുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.