പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് പത്തുലക്ഷം തട്ടി, നിർമാതാവ് അറസ്റ്റിൽ
Wednesday, October 9, 2024 2:06 AM IST
തിരുവല്ല: സിനിമയിൽ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിർമാതാവ് അറസ്റ്റിൽ. അഭിനയ മോഹവുമായി എത്തിയ റിട്ടയേഡ് അധ്യാപകന്റെ പരാതിയിൽ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറയിൽ ജിജോ ഗോപിയാണ് അറസ്റ്റിലായത്.
സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും മാസം മുമ്പ് റിലീസ് ചെയ്ത തിറയാട്ടം എന്ന സിനിമയിലെ പ്രധാന നടനും നിർമാതാവുമായിരുന്നു ജിജോ ഗോപി. റിട്ട. അധ്യാപകനും തിരുവല്ലയിൽ താമസക്കാരനുമായ ഉപ്പുതറ സ്വദേശി ടോജോയുടെ പരാതിയിലാണ് അറസ്റ്റ്.
കണ്ണൂരിലും ചേർത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയിൽ ചെറിയ ഒരു വേഷം ചെയ്യാനാണ് ടോജോ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയത്. ലൊക്കേഷനിൽ എത്തിയ ടോജോയോട് നായക തുല്യമായ പ്രതിനായക വേഷം നൽകാമെന്ന് ജിജോ വാഗ്ദാനം നൽകി.
ഇതുപ്രകാരം ഷൂട്ടിംഗ് പുരോഗമിക്കവേ സാമ്പത്തിക ഞെരുക്കത്തിലാണെന്നും സിനിമ റിലീസായ ശേഷം മടക്കി നൽകാമെന്നും വാഗ്ദാനം ചെയ്തു പലപ്പോഴായി 10 ലക്ഷം രൂപ ജിജോ തന്നിൽനിന്നു വാങ്ങിയതായി ടോജോയുടെ പരാതിയിൽ പറയുന്നു.
എന്നാൽ സിനിമ റിലീസ് ആയപ്പോഴാണ് തീരെ ശ്രദ്ധിക്കപ്പെടാത്ത ഏതാനും ഷോട്ടുകളിൽ മാത്രമായി തന്റെ കഥാപാത്രം ചുരുങ്ങിയതായി ടോജോ മനസിലാക്കിയത്.
ഇതേത്തുടർന്ന് ടോജോ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് തിരുവല്ല പോലീസിൽ പരാതി നൽകി. പരാതിയിൽ കാര്യമായ അന്വേഷണം ഉണ്ടാകാതിരുന്നതിനേ തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.
ചേർത്തലയിലെ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിജോയെ കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.