എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച : 16 മാസം കഴിഞ്ഞ് നടത്തുന്ന അന്വേഷണം
പ്രഹസനം: പ്രതിപക്ഷ നേതാവ്
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി 16 മാസത്തിനു ശേഷം നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
നിയമസഭയിൽ വോക്കൗട്ട് പ്രസംഗത്തിലാണു പ്രതിപക്ഷനേതാവ് ഇത്തരത്തിൽ പ്രതികരിച്ചത്. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെന്നു താൻ ആദ്യം പറഞ്ഞപ്പോൾ എല്ലാവരും എതിർത്തു. കണ്ടാൽ എന്താ കുഴപ്പം എന്നും ചോദിച്ചു.
കൂടിക്കാഴ്ച സംബന്ധിച്ച് മേയ് 23 ന് മുഖ്യമന്ത്രിയുടെ മേശയിൽ ഇന്റലിജൻസ് റിപ്പോർട്ട് വന്നു. എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടു എന്നായിരുന്നു റിപ്പോർട്ട്.
മുഖ്യമന്ത്രി പറഞ്ഞിട്ടല്ല കൂടിക്കാഴ്ചയെങ്കിൽ അജിത്കുമാറിനോട് പട്ടിൽ പൊതിഞ്ഞ ഒരു ശകാരം എങ്കിലും നടത്തേണ്ടതല്ലേ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. പിണറായി വിജയൻ മുൻപും ഉദ്യോഗസ്ഥരെ തെറ്റായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വർണക്കടത്തിൽ അജിത്കുമാറിനെ ഉപയോഗിച്ചതു പുറത്തു വന്നപ്പോഴാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്. അജിത്കുമാർ മുഖ്യമന്ത്രിയുടെ ബിജെപി നേതൃത്വവുമായുള്ള ലിങ്ക് ആണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അസൈൻമെന്റ് ആണ് അജിത്കുമാർ ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.
കേരളത്തിന്റെ മണ്ണ് ദേശവിരുദ്ധ ഫണ്ട് കൊടുക്കുന്ന സംസ്ഥാനമാണെന്നു പറയുന്നത് ഇടതുപക്ഷത്തിനു ഭൂഷണമാണോ എന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപിക്ക് പരമാവധി സംരക്ഷണം നല്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മോൻസ് ജോസഫ് പറഞ്ഞു.