പറയാത്തത് എഴുതിക്കൊടുത്തെങ്കിൽ പിആർ ഏജൻസിക്കെതിരേ കേസെടുക്കുമോ: വി.ഡി. സതീശൻ
Thursday, October 3, 2024 5:55 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പറയാതെയാണ് നാട്ടിൽ ഭിന്നിപ്പുണ്ടാക്കുന്ന കാര്യം പിആർ ഏജൻസി എഴുതിക്കൊടുത്തതെങ്കിൽ അവർക്കെതിരേ കേസെടുക്കാൻ മുഖ്യമന്ത്രി തയാറുണ്ടോ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളത്തിന്റെ മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതിക്കൊടുത്തെങ്കിൽ പിആർ ഏജൻസി ക്രിമിനൽ കുറ്റമാണു ചെയ്തിരിക്കുന്നത്. കേസെടുക്കാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോ?-സതീശൻ ചോദിച്ചു. മറ്റു ചില രാഷ്ട്രീയ ബന്ധങ്ങളുള്ള പിആർ ഏജൻസിയാണു മുഖ്യമന്ത്രിയെക്കൊണ്ട് ഈ വാചകം പറയിച്ചത്. ദേശീയതലത്തിൽ സംഘ്പരിവാർ പ്രചരിപ്പിക്കുന്ന പൊളിറ്റിക്കൽ നറേറ്റീവാണ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തു വന്നത്.
അഭിമുഖത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടു പേരുമായി മുഖ്യമന്ത്രിക്ക് എന്തു ബന്ധമാണുള്ളതെന്നു വ്യക്തമാക്കണം. ആരൊക്കെയാണ് ഒപ്പമുണ്ടായിരുന്നതെന്നു മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തട്ടെ. ഈ കന്പനി ഇത്രയും കാലം ആർക്കു വേണ്ടിയാണ് പൊളിറ്റിക്കൽ കാന്പയിൻ നടത്തിയിരുന്നതെന്ന് അന്വേഷിച്ചാൽ കുറെ കാര്യങ്ങൾകൂടി മനസിലാകും.
സാധാരണയായി ഡൽഹിയിൽ പോയി അഭിമുഖം കൊടുക്കുന്ന ആളല്ല മുഖ്യമന്ത്രി. "ഹിന്ദു’പോലുള്ള ഒരു പത്രത്തിന് അഭിമുഖം നൽകിയത് ഡൽഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. അവരുടെ നറേറ്റീവാണ് അഭിമുഖത്തിലൂടെ മുഖ്യമന്ത്രി കൊണ്ടു വരാൻ ശ്രമിച്ചത്. അവരെ ഭയന്നാണ് മുഖ്യമന്ത്രി ഭരിക്കുന്നത്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ആ ഭയത്തിൽനിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മാധ്യമ ഉപദേശകനും മാസം 12 ലക്ഷം മുടക്കിയുള്ള സോഷ്യൽ മീഡിയ കൂട്ടവും പിആർഡിയും ഉള്ളപ്പോഴാണ് അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയത്. ഇടതു മുന്നണിയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണ് പി.വി. അൻവറിന്റെ പാർട്ടി പ്രഖ്യാപനമെന്നും സതീശൻ പറഞ്ഞു.