ശമ്പള ബില്ലുകളില്‍ കൗണ്ടർ സൈൻ: ധനവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധം
Thursday, October 3, 2024 5:55 AM IST
കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ തയാറാക്കി സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍ മേലധികാരികള്‍ കൗണ്ടർ സൈന്‍ ചെയ്യണമെന്ന ധനവകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധം ശക്തം. സ്ഥാപനമേധാവികള്‍ നേരിട്ടു ശമ്പള ബില്ലുകള്‍ ട്രഷറിയില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് പാസാക്കിയെടുക്കുന്ന രീതിയാണു നിലവിലുള്ളത്. പുതിയ ഉത്തരവ് എയ്ഡഡ് മേഖലയിലെ ശമ്പള വിതരണം വൈകാന്‍ ഇടയാക്കുമെന്നും തങ്ങളില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുമെന്നുമാണ് എയ്ഡഡ് പ്രധാനാധ്യാപകരുടെ പരാതി.
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ദീര്‍ഘനാളത്തെ പ്രക്ഷോഭങ്ങളുടെ ഫലമായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുറപ്പെടുവിച്ച ഉത്തരവാണ് അട്ടിമറിക്കപ്പെട്ടത്. കഴിഞ്ഞ 12 വര്‍ഷമായി കൃത്യമായി ശമ്പളം കിട്ടുന്ന എയ്ഡഡ് അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വൈകിക്കുക, പ്രധാനാധ്യാപകരെ ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുക തുടങ്ങിയവയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യങ്ങളെന്ന് കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ ആരോപിച്ചു.
വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരുടെ ജോലിഭാരം വര്‍ധിക്കാനും ഇത് ഇടയാക്കും. പ്രധാന അധ്യാപകനാകാന്‍ യോഗ്യത നേടിയ എല്ലാവര്ക്കും ഒരേപോലെ നിയമം ബാധകമാണെന്നിരിക്കെ എയ്ഡഡ് മേഖലയെ മാത്രം സംശയത്തിന്റെ നിഴലില്‍ നിലനിര്‍ത്തുന്നതാണ് പുതിയ ഉത്തരവ്.
സമാന ചിന്താഗതിയുള്ള ഇതര സംഘടനകളുമായി ചേര്‍ന്നു കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള ഭാവിപരിപാടികള്‍ സംസ്ഥാനസമിതി വിളിച്ചുചേര്‍ത്ത് തീരുമാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.