സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കം
Wednesday, October 2, 2024 1:51 AM IST
കണ്ണൂര്‍: സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിനു നാളെ കണ്ണൂരിൽ തുടക്കം. കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂള്‍,തളാപ്പ് മിക്സഡ് യുപി സ്കൂള്‍ എന്നിവിടങ്ങളിലെ എട്ട് വേദികളിലാണ് മത്സരങ്ങൾ. ഒന്നാം ദിവസം മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും രണ്ടും മൂന്നും ദിവസങ്ങളിൽ കാഴ്ച, കേള്‍വി പരിമിതികളുള്ള കുട്ടികള്‍ക്കുമാണ് മത്സരങ്ങള്‍.
നാളെ രാവിലെ 9.30നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. കെ. സുധാകരൻ എംപി, എംഎൽഎമാരായ സണ്ണി ജോസഫ്, കെ.വി. സുമേഷ്, എം.വിജിൻ, ടി.ഐ മധുസൂദനൻ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ എന്നിവർ മുഖ്യാതിഥികളാവും.
അഞ്ചിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ്കുമാർ, എംഎൽഎമാരായ എം.വി. ഗോവിന്ദൻ, കെ.പി.മോഹനൻ, സജീവ് ജോസഫ്, കെ.കെ.ശൈലജ എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പി.ടി. ബാബുരാജ് സമ്മാനദാനം നിർവഹിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്കൂളുകളിലെ 1600 ഓളം കുട്ടികള്‍ മൂന്നു വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. പത്രസമ്മേളനത്തിൽ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എന്‍. ബാബു മഹേശ്വരി പ്രസാദ്, കെ.സി. മഹേഷ്, വി.വി. രതീഷ്, പി. വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.