ഷുക്കൂര്‍ വധക്കേസ്: പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹര്‍ജി തള്ളി
Friday, September 20, 2024 2:38 AM IST
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജന് തിരിച്ചടി. സിപിഎം നേതാക്കളായ പി. ജയരാജനും മുന്‍ എംഎല്‍എ ടി.വി. രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.
ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയിരുന്നത്. ഷുക്കൂര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലോ നേരിട്ടു ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത് ഷുക്കൂറിന്റെ അമ്മ കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഷുക്കൂറും സംഘവും പി. ജയരാജനും സംഘത്തിനുമെതിരേ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണു കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന് കേസ്.
2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായ അബ്ദുള്‍ ഷുക്കൂര്‍ (24) വെട്ടേറ്റു മരിച്ചത്.