ട്രഷറി നിയന്ത്രണം കടുപ്പിച്ചു; നിർമാണ മേഖല സ്തംഭനത്തിലേക്ക്
Friday, September 20, 2024 2:37 AM IST
തിരുവനന്തപുരം: ഓണം കഴിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ അടക്കം സ്തംഭനത്തിലേക്ക്.
അഞ്ചു ലക്ഷത്തിനു മുകളിലുള്ള തുക പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നു നിർദേശിച്ച് ഉത്തരവിറക്കിയതോടെ സംസ്ഥാനം വീണ്ടും കടുത്ത സാന്പത്തിക നിയന്ത്രണത്തിലേക്കു പോകുന്ന സാഹചര്യമായി.
ഓണത്തിനു മുൻപുവരെ 25 ലക്ഷം രൂപ മുതലുള്ള തുകയ്ക്കായിരുന്നു സാന്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഓണച്ചെലവുകളിൽ ഖജനാവ് കാലിയായതോടെ നിയന്ത്രണം കടുപ്പിച്ചു.
അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി ഏർപ്പെടുത്തി ധന അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഇതോടെ തദ്ദേശ സ്ഥാപനതലത്തിലെ ചെറുകിട നിർമാണ പ്രവൃത്തി പോലും സ്തംഭിക്കുന്ന സാഹചര്യമായി.
ബിൽ ഡിസ്കൗണ്ടിംഗ് സംവിധാനം വഴിയുള്ള തുക അഞ്ച് ലക്ഷമാക്കി കുറച്ചതോടെ സംസ്ഥാനത്തെ ചെറുകിട കരാറുകാരും പ്രതിസന്ധിയിലായി. ധനവകുപ്പ് പുറത്തിറക്കിയ ട്രഷറി നിയന്ത്രണ ഉത്തരവിൽ ബിഡിഎസിന്റെ പരിധിയും കുറച്ചു. കരാറുകാർക്ക് അവരുടെ ബില്ലിൻമേലുള്ള തുക ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ഉടനടി ലഭ്യമാക്കാൻ സാധിക്കുമെന്നതായിരുന്നു ബിഡിഎസിന്റെ നേട്ടം.
ഇതിന്റെ പലിശ നിശ്ചയിക്കുന്നത് അതത് ബാങ്കുകളാണ്. പലിശയുടെ പകുതി (പരമാവധി അഞ്ച് ശതമാനം വരെ) സർക്കാർ വഹിക്കും. ബാക്കി കരാറുകാരും വഹിക്കും. കരാറുകാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ വരുന്ന എല്ലാ ബില്ലുകളും ബിഡിഎസിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ പരിധിയാണ് അഞ്ച് ലക്ഷമാക്കി കുറച്ചത്.
ഇതോടെ സംസ്ഥാനത്തെ മരാമത്ത് പ്രവർത്തനം സ്തംഭന അവസ്ഥയിലായി. ഒരു ഓട പണിയണമെങ്കിൽ പോലും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ വേണം. പൊതുമരാമത്ത്, ജലസേചനം തുടങ്ങിയ വകുപ്പുകളിൽ നടപ്പാക്കിയിരുന്ന ബിൽ ഡിസ്കൗണ്ടിംഗ് സിസ്റ്റം 2019 ഒക്ടോബർ മുതലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ കരാറുകാർക്കും ഏർപ്പെടുത്തിയത്.
നിലവിലുള്ള കരാറുകാർക്ക് ചെയ്ത പ്രവൃത്തിയുടെ പണം കിട്ടാതെ വരുന്നതിനോടൊപ്പം പുതിയ പ്രവൃത്തികളിൽ ഏർപ്പെടാൻ കരാറുകാർ വൈമുഖ്യം പ്രകടിപ്പിക്കുകയും ചെയ്യും. വയനാട് പുനരധിവാസത്തേയും ബിഡിഎസിന്റെ പരിധി അഞ്ചു ലക്ഷമാക്കി കുറച്ചത് ബാധിക്കും.