സുരേഷ് ഗോപിക്കെതിരായ പരാതി ; കൺസൾട്ടിംഗ് ഏജൻസി സിഇഒയെ പോലീസ് ചോദ്യം ചെയ്തു
Sunday, December 22, 2024 1:15 AM IST
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം പരിഹരിക്കാനെത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗിച്ചെന്ന പരാതിയിൽ പോലീസ് നടപടി തുടങ്ങി.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണകാര്യങ്ങൾക്കു നേതൃത്വം നൽകിയിരുന്ന കണ്‍സൾട്ടിംഗ് ഏജൻസിയായ വരാഹി അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സിഇഒ അഭിജിത്തിനെ ടൗണ്‍ ഈസ്റ്റ് പോലീസ് ഇന്നലെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു.
തിരുവന്പാടി ദേവസ്വം ഓഫീസിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ ആംബുലൻസ് വിളിച്ചുവരുത്തിയത് അഭിജിത്താണെന്ന് നേരത്തേ ആംബുലൻസ് ഡ്രൈവർ മൊഴി നൽകിയിരുന്നു.
സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി സുമേഷാണു പരാതി നൽകിയത്. നെട്ടിശേരിയിലെ വീട്ടിൽനിന്നാണു സുരേഷ്ഗോപി തിരുവന്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിൽ സ്വരാജ് റൗണ്ടിലെത്തിയ സുരേഷ്ഗോപിക്ക് ജനത്തിരക്കുമൂലം മുന്നോട്ടുപോകാനായില്ല. തുടർന്ന് സേവാഭാരതിയുടെ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോകാൻ അഭിജിത്താണു നിർദേശിച്ചതെന്നാണ് മൊഴി.
ഫോണിൽ വിളിച്ചാണ് ഏർപ്പാടാക്കിയത്. വിവാദമായതോടെ ആംബുലൻസിൽ തന്നെ കണ്ടെന്നതു മായക്കാഴ്ചയാണെന്ന് സുരേഷ്ഗോപി പറഞ്ഞിരുന്നു. പിന്നീട് അതു തിരുത്തിയതോടെ ആളിക്കത്തിയിരുന്നു.