സൊസൈറ്റിക്കു മുന്നിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിനു പ്രത്യേക സംഘം
Sunday, December 22, 2024 2:06 AM IST
കട്ടപ്പന: കട്ടപ്പനയിലെ വ്യാപാരി മുളങ്ങാശേരിൽ സാബു തോമസ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഒന്പതംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കട്ടപ്പന, തങ്കമണി ഇൻസ്പെക്ടർമാരായ ടി.സി. മുരുഗൻ, എം.പി. എബി, കട്ടപ്പന എസ്ഐമാരായ എബി ജോർജ്, സി.ഡി. മനോജ്, സിപിഒ സിനോജ്, എഎസ്ഐ എം.എസ്. സതീഷ്കുമാർ, എസ് സിപിഒ വി.എം. ശ്രീജിത്ത്, സിപിഒ ജിഷ മാത്യു, സിപിഒ നിതിൽ വിൻസന്റ് എന്നിവരാണ് സംഘത്തിലുള്ളത്. പ്രത്യേക അന്വേഷണസംഘം സാബുവിന്റെ വീട്ടിലെത്തി ഭാര്യയുടെയും മറ്റും മൊഴിയെടുത്തു.
ബാങ്കിൽ നിക്ഷേപിച്ച തുക ഒരിക്കലും കൃത്യമായി തിരികെ ലഭിച്ചിട്ടില്ലെന്നും ഇനിയും 15 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നും ഭാര്യ മേരിക്കുട്ടി പറഞ്ഞു. ബാങ്കിലെയും ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു (സാബു തൂങ്ങി മരിച്ച കെട്ടിടം) സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറകളും പോലീസ് പരിശോധിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സാബു ബാങ്കിനു മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണപ്പെട്ടത്. സാബു തോമസിന്റെ സംസ്കാരം ഇന്നലെ കട്ടപ്പന സെന്റ് ജോർജ് ദേവാലയത്തിൽ നടന്നു.
“പണി മനസിലാക്കി തരാം...” ; സിപിഎം നേതാവിന്റെ ഭീഷണി സംഭാഷണം പുറത്ത്
സിപിഎം കട്ടപ്പന മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡന്റുമായ വി.ആർ. സജി, സാബുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ് സംഭാഷണം പുറത്തുവന്നു.
സംഭാഷണത്തിൽ, സാബുവിനു പണം തരാനുള്ള ഏർപ്പാടുകൾ ചെയ്തു വരുകയാണെന്നും നിങ്ങൾ സൊസൈറ്റിയിൽ പോയി ജീവനക്കാരെ ഉപദ്രവിച്ചതു ശരിയായില്ലെന്നും സാബുവിനു പണി അറിയില്ലെന്നും “പണി മനസിലാക്കി തരാം” എന്നും സജി പറയുന്നുണ്ട്.
“എന്റെ പൊന്നു സഖാവേ, അവരെന്നെയാണ് ഉപദ്രവിച്ചത്.... പണം ചോദിച്ചപ്പോൾ റെജി എന്നെ പിടിച്ചു തള്ളുകയായിരുന്നു... അവിടെ മുന്നിൽ കാമറ ഉണ്ട്. അതു പരിശോധിച്ചാൽ സത്യം അറിയാം’’... എന്ന് സാബു പറയുന്നതും സംഭാഷണത്തിലുണ്ട്.