വയനാട് പുനരധിവാസത്തിൽ വിവാദം; കരട് പട്ടികയിൽ അനർഹർ
Sunday, December 22, 2024 2:06 AM IST
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ കരട് പട്ടികയെച്ചൊല്ലി വൻ വിവാദം. ദുരന്തബാധിതരുടെ പുനരധിവാസത്തിനു വിഭാവനം ചെയ്ത ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ടം ഗുണഭോക്താക്കളുടെ കരട് പട്ടികയെച്ചൊല്ലിയാണു വിവാദം. 388 കുടുംബങ്ങൾ ഉൾപ്പെട്ട കരട് പട്ടികയിൽ അർഹർ തഴയപ്പെട്ടെന്നും അനർഹർ കടന്നുകൂടിയെന്നും ജനകീയ സമിതിയുടെ നേതൃത്വത്തിൽ ദുരന്തബാധിതരിൽ ഒരു വിഭാഗം ആരോപിച്ചു.
ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലെന്നും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അപാകതകൾ നിറഞ്ഞ പട്ടിക പ്രസിദ്ധപ്പെടുത്തിയതിൽ പ്രതിഷേധിച്ചും കുറ്റമറ്റ പട്ടിക അടിയന്തരമായി തയാറാക്കണമെന്നാവശ്യപ്പെട്ടും ജനകീയ സമിതി എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ വിമൽരാജ്, അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ് എന്നിവരെ മേപ്പാടി പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ഉപരോധിച്ചു.
കരട് പട്ടികയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം എഡിഎം കെ. ദേവകിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് വൈകുന്നേരം നാലോടെയാണ് അവസാനിച്ചത്.
3.10ഓടെ സ്ഥലത്തെത്തിയ എഡിഎം ജനകീയ സമിതി ചെയർമാൻ കെ. മൻസൂർ, കണ്‍വീനർ മനോജ്, ട്രഷറർ വിജയൻ മഠത്തിൽ തുടങ്ങിയവരുമായി ചർച്ച നടത്തി. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം അടിയന്തരമായി ചേർന്ന് പട്ടികയിലെ അപാകതകൾ പരിഹരിക്കുമെന്നും ദുരന്തബാധിതരെ ഒറ്റഘട്ടമായി പുനരധിവസിപ്പിക്കണമെന്ന ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും എഡിഎം ഉറപ്പുനൽകി.
ദുരന്തബാധിതരുടെ പുനരധിവാസം രണ്ടു ഘട്ടമായാണ് സർക്കാർ നടത്തുന്നത്. ദുരന്തം നേരിട്ടു ബാധിച്ചവരെയും വീടുകൾ നഷ്ടപ്പെട്ടവരെയുമാണ് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നത്.
മേഖലയിലെ തകരാത്തതും എന്നാൽ വാസയോഗ്യമല്ലാത്തതുമായ വീടുകളുള്ള കുടുംബങ്ങളെ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നില്ല. ഇവരെ രണ്ടാംഘട്ടത്തിൽ പുനരധിവസിപ്പിക്കുമെന്നാണ് വാഗ്ദാനമെങ്കിലും ഇതിന്റെ മാർഗനിർദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാട് ദുരന്തബാധിതർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാരിനെ അടിയന്തരമായി അറിയിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി.
ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം
വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകുന്നേരം മൂന്നു മണിക്ക് ഓണ്‍ലൈനായാണു യോഗം ചേരുക. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ തുടർദിവസങ്ങളിൽ ചർച്ച നടത്തും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ക
ർണാടക സർക്കാർ വാഗ്ദാനം ചെയ്ത നൂറു വീടുകളുടെ കാര്യത്തിൽ കേരളം മറുപടിയൊന്നും നൽകിയില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് അടുത്തിടെ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണു ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്.
ജനകീയ സമിതി പറയുന്നത്...
പട്ടികയിൽ അനർഹർ ഉൾപ്പെട്ടതിനുപുറമെ പേരുകളിൽ ഇരട്ടിപ്പും ഉണ്ടെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. ഒറ്റ വാർഡിൽ മാത്രം 70 പേരുടെ വരെ പേരുകൾ ഇരട്ടിച്ചിരിക്കുകയാണ്. വാസയോഗ്യമല്ലെന്നു സർക്കാർ കണ്ടെത്തിയ പുഞ്ചിരിമട്ടം പ്രദേശത്തെ പലരും കരട് പട്ടികയിൽ ഇല്ലെന്നും ജനകീയ സമിതി ചൂണ്ടിക്കാട്ടി.
റവന്യു മന്ത്രി പറയുന്നത്...
ഇപ്പോൾ പുറത്തിറക്കിയത് കരട് പട്ടിക മാത്രമാണെന്നും 15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാമെന്നും റവന്യു മന്ത്രി കെ. രാജൻ വിശദീകരിച്ചു. എല്ലാവരെയും ഉൾപ്പെടുത്തലാണു സർക്കാരിന്റെ ലക്ഷ്യം. കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ദുരന്തത്തിൽപ്പെട്ട ഒരാളെപ്പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.