ഫ്രാന്‍സിസ് മാർപാപ്പയുടെ ഇന്ത്യ സന്ദര്‍ശനം; 2025ല്‍ ഒരുക്കങ്ങള്‍ ആരംഭിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്
Sunday, December 22, 2024 2:06 AM IST
ചങ്ങനാശേരി: ഫ്രാന്‍സിസ് മാർപാപ്പയുടെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച് 2025ല്‍ ഒരുക്കങ്ങള്‍ ആരംഭിക്കുമെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് നേതൃത്വം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്. ചങ്ങനാശേരി അതിരൂപത നല്കിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ക്ക് എട്ടുമാസക്കാലം നിരവധി നടപടിക്രമങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഭാരത സര്‍ക്കാരുമായി ആശയവിനിമയവും നടക്കണം.
മാര്‍പാപ്പയ്ക്ക് ഇന്ത്യ സന്ദര്‍ശനത്തിന് അതീവ താത്പര്യമുണ്ട്. കോവിഡുകാലത്ത് മാറ്റിവച്ച പല വിദേശയാത്രകളും ക്രിസ്തുജയന്തി 2025മായി ബന്ധപ്പെട്ട നിരവധി പദ്ധതികളും ഈവര്‍ഷം നടക്കാനുണ്ട്. ഇതിനുശേഷമായിരിക്കും ഇന്ത്യ സന്ദര്‍ശനത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ആലോചന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.