നവീൻ ബാബുവിന്റെ മരണം ; തെളിവുകൾ സംരക്ഷിക്കണമെന്ന ഹർജിയിൽ വിധി 26ന്
Sunday, December 22, 2024 1:15 AM IST
കണ്ണൂര്‍: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ 26ന് വിധി പറയും.
ഇന്നലെ ഹർജി പരിഗണിച്ച കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വിധി പറയാൻ 26ലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്, പെട്രോള്‍ പമ്പിന് അപേക്ഷ നല്കിയ ടി.വി. പ്രശാന്ത് എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷനുകൾ, കണ്ണൂർ കളക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ പരിസരം, ക്വാർട്ടേഴ്സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കോടതി നിർദേശം നൽകണമെന്ന് കാണിച്ചായിരുന്നു കെ. മഞ്ജുഷ ഹർജി സമർപ്പിച്ചത്.