ഷെയർ ട്രേഡിംഗ് തട്ടിപ്പ്: 40 ലക്ഷം രൂപ തട്ടിയ പ്രതി പിടിയിൽ
Sunday, December 22, 2024 1:15 AM IST
ആലുവ: ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് നടത്തി പിറവം സ്വദേശിയിൽനിന്ന് 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. തൃശൂർ പോട്ട പഴമ്പിള്ളി പുല്ലൻ വീട്ടിൽ നബിനെ(26)യാണു ആലുവ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് പരസ്യം വഴിയാണു പിറവം സ്വദേശി തട്ടിപ്പുസംഘവുമായി ബന്ധപ്പെടുന്നത്. പുതുതായി തുടങ്ങുന്ന ഐപിഒകളിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോ അതിലേറെയോ ലാഭം വാഗ്ദാനം ചെയ്തു. ഇതിൽ വിശ്വസിച്ച ഇദ്ദേഹം ഏപ്രിലിൽ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു.
16 തവണയായി 39,80,000 രൂപയാണു കൈമാറിയത്. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണു തട്ടിപ്പ് മനസിലായത്.
തുടർന്നു നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പിടിയിലായ ആളുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു കോടി 26 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്.
തട്ടിപ്പുസംഘാംഗങ്ങൾക്ക് ലഭിക്കുന്ന തുക ഉടൻ ഡോളറാക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഇൻസ്പെക്ടർ വിപിൻദാസ്, എസ്ഐമാരായ സി.കെ. രാജേഷ്, എം. അജേഷ്, എഎസ്ഐ പി.ജി. ബൈജു, സീനിയർ സിപിഒമാരായ ആർ. സജേഷ്, ലിജോ ജോസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
പോലീസിന്റെ മുന്നറിയിപ്പിന് പുല്ലുവില
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും തട്ടിപ്പുകൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഈ വർഷം മാത്രം ആലുവ സ്വദേശിക്ക് ഒരു കോടി രൂപയും കോതമംഗലം സ്വദേശിക്ക് 85 ലക്ഷവും കറുകുറ്റി സ്വദേശിക്ക് 90 ലക്ഷത്തോളം രൂപയുമാണ് സമാനരീതിയിൽ നഷ്ടപ്പെട്ടത്.
സോഷ്യൽ മീഡിയയിലെ ആപ്പുകൾ, പരസ്യങ്ങൾ എന്നിവയെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ വൻ സാമ്പത്തികനഷ്ടം സംഭവിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.