വിഭജിക്കലല്ല, ചേർത്തുനിർത്തലാണ് ക്രിസ്മസിന്റെ കാതൽ: മാർ ക്ലീമിസ്
Sunday, December 22, 2024 1:15 AM IST
കൊച്ചി: മനസുകളെ വിഭജിക്കുന്നതിലല്ല ഏവരെയും ചേർത്തു നിർത്തുന്നതിലാണ് ക്രിസ്മസിന്റെ കാതലെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ക്രിസ്മസ് സംഗമം (ഇമ്മാനുവേൽ 2024) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ പേരിൽ മനസുകളെ മുറിക്കുന്നത് ദൈവികപദ്ധതികൾക്കു വിരുദ്ധമാണ്. സ്വർഗം സാധ്യമാണെന്നും പ്രത്യാശയിൽ ജീവിക്കാമെന്നും പഠിപ്പിച്ച ക്രിസ്മസിന്റെ യഥാർഥ സാരാംശം ഹൃദയങ്ങളിലേറ്റാൻ നമുക്കു കഴിയണമെന്നും കർദിനാൾ പറഞ്ഞു.
മന്ത്രി പി. രാജീവ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, നിയുക്ത ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ. സിബു ഇരിന്പിനിക്കൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ആന്റണി കരിയിൽ, ചിന്മയ വിദ്യാപീഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, കൊച്ചി മേയർ എം. അനിൽകുമാർ, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറന്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, എറണാകുളം കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രൻ, ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് തുടങ്ങി മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
കെസിബിസി മാധ്യമപുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സമ്മാനിച്ചു.