ഉണ്ണീശോയെ കണ്ടുമുട്ടിയവർ
Sunday, December 22, 2024 1:15 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ഈശോ തന്റെ പരസ്യജീവിതകാലത്ത് ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ് പറഞ്ഞു: “നിങ്ങൾ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കുവാൻ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല’’ (ലൂക്കാ 10:23-24). ദൈവപുത്രന്റെ ദർശനവും സന്ദർശനവും ലഭിച്ച ചില ഭാഗ്യവാന്മാരെക്കുറിച്ച് ഉണ്ണീശോയുടെ ജനനസംബന്ധമായ വചനഭാഗത്ത് നാം വായിക്കുന്നതാണിത്!
ഉണ്ണീശോ, മാതാവിന്റെ ഉദരത്തിലായിരിക്കെ ദൈവപുത്രന്റെ സന്ദർശനഭാഗ്യം ലഭിച്ച വ്യക്തികളാണ് സഖറിയായും എലിസബത്തും. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നു തെളിയിച്ചുകൊണ്ട്, എലിസബത്ത് വാർധക്യത്തിൽ ഗർഭവതിയായിരുന്ന വേളയിലുണ്ടായ ഈ ദൈവസന്ദർശനം വഴി എലിസബത്തിന്റെ ഉദരത്തിലെ ശിശു പരിശുദ്ധാത്മാവിനാൽ നിറഞ്ഞു കുതിച്ചുചാടി.
ദൈവത്തിന്റെ മുന്പിൽ നീതിമാന്മാരും കർത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിച്ചിരുന്നവരുമായിരുന്ന അവർ പ്രാർഥനയോടെ ദൈവിക ഇടപെടലിനായി കാത്തിരുന്നവരാണ്. ദൈവത്തിന്റെ ദർശനവും സന്ദർശനവും ലഭിക്കുന്നത് ഇപ്രകാരമുള്ള വ്യക്തികൾക്കാണ്.
ചരിത്രത്തിൽ ദൈവം സ്ഥലകാലപരിമിതികൾക്കുള്ളിൽ നാമ-രൂപങ്ങൾ പേറി മനുഷ്യനായി വന്നു വസിക്കുന്നത് മറിയം എന്ന സാധാരണ യുവതിയുടെ ഉദരത്തിലാണ്. ഒൻപതു മാസം ഉണ്ണിയെ ഉദരത്തിൽ വഹിക്കാനുള്ള ഭാഗ്യം ലഭിച്ച സ്ത്രീകളിൽ അനുഗൃഹീതയായ കർത്താവിന്റെ അമ്മയാണവൾ.
അവളോടൊപ്പം കാവൽക്കാരനും സംരക്ഷകനും അന്നദാതാവുമായി നിരന്തരം വസിക്കുകയും യാത്ര ചെയ്യുകയും ചെയ്ത മറ്റൊരു മഹാനായ മനുഷ്യവ്യക്തിയാണ് വിശുദ്ധ യൗസേപ്പ്. നടന്നതെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച മറിയത്തിനും നീതിമാനായ യൗസേപ്പിനും മനുഷ്യനായി പിറന്ന ദൈവപുത്രനെ ആദ്യമായി കാണാൻ ഭാഗ്യം ലഭിച്ചു.
സകലത്തിന്റെയും നാഥൻ സൃഷ്ടവസ്തുക്കളുടെ നടുവിലേക്കാണു കാലിത്തൊഴുത്തിൽ പിറന്നുവീണത്. സൃഷ്ടപ്രപഞ്ചത്തോടൊപ്പം മാലാഖമാർ ദൈവപുത്രനെ ഇപ്രകാരം പാടി സ്തുതിച്ചു: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ നല്ല മനസുള്ളവർക്കു സമാധാനം” എന്ന് സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത, അതായത്, മനുഷ്യവംശത്തിന്റെ രക്ഷകനും കർത്താവുമായ മിശിഹാ ജനിച്ചിരിക്കുന്നു എന്ന സന്ദേശം വിശ്വസിച്ച ആട്ടിടയന്മാർ ആ രക്ഷകനെ തേടി പോകുന്നു.
വലിയ അറിവില്ലാത്ത നിഷ്കളങ്കരായ അവർ ഉണ്ണീശോയെ പുൽക്കൂട്ടിൽ ദർശിക്കുന്നു. വലിയ അറിവോ സന്പത്തോ അല്ല ദൈവദർശനം ലഭിക്കാൻ ആവശ്യമെന്നും ദൈവം നൽകിയ സന്ദേശം വിശ്വസിച്ച് ദൈവത്തെ അന്വേഷിക്കുന്നവരാണ് ദൈവത്തെ കണ്ടുമുട്ടുക എന്നും ആട്ടിടയന്മാർ നമ്മെ പഠിപ്പിക്കുന്നു.
അറിവുള്ളവരും സന്പന്നരുമായ പൗരസ്ത്യജ്ഞാനികൾ തങ്ങളുടെ അറിവും അർഥവും ഉപയോഗിച്ച് മിശിഹായെ അന്വേഷിച്ചു. മാനുഷികമായ അറിവ് അവരെ ആദ്യമായി ചെന്നെത്തിച്ചത് രാജകൊട്ടാരത്തിലാണ്. രാജകൊട്ടാരത്തിൽനിന്ന് ജനനസ്ഥലം അവർക്കു ലഭിച്ചു. അവർ അവിടെയെത്തി ഉണ്ണീശോയെ ദർശിച്ച്, ആരാധിച്ച്, കാഴ്ചകൾ സമർപ്പിച്ചു.
നീതിമാനും ദൈവഭക്തനും ജനത്തിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്ന ശിമയോനും, ദൈവാലയം വിട്ടുപോകാതെ രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർഥനയിലും കഴിഞ്ഞുകൂടിയ വൃദ്ധയായ വിധവ അന്നയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് ഉണ്ണീശോയെ കാണുവാൻ ഇടയാകുന്നു. സകല ജനതകൾക്കുംവേണ്ടിയുള്ള രക്ഷയുടെ ദർശനം ലഭിക്കുന്നതു പ്രാർഥനയോടും ഉപവാസത്തോടുംകൂടി ദൈവസന്ദർശനം പ്രത്യാശയോടെ കാത്തിരിക്കുന്നവർക്കാണ്.
ദൈവവചനത്തിലും കൂദാശകളിലുംനിന്നു ശക്തിയും അറിവും സന്പാദിച്ച് ഇന്ന് നാം ദൈവത്തെ കാണേണ്ടത് ദൈവത്തിന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട അപരനിലാണ്. പ്രത്യേകിച്ചും പാവപ്പെട്ടവരിലും പാർശ്വവത്കരിക്കപ്പെട്ടവരിലും. അപ്രകാരം ദൈവത്തെ കണ്ട് അപരനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്താൽ, മരണാനന്തരം നിത്യമായി ദൈവദർശം ഈശോ നൽകും!