ഓർമകളുടെ ഉയരങ്ങളുമായി കുട്ടശിവൻ യാത്രയായി
Sunday, December 22, 2024 1:15 AM IST
മൂന്നാർ: നടൻ കുട്ട ശിവൻ യാത്രയായി. തമിഴിലെ സൂപ്പർ ഹിറ്റായ ‘മൈന’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുകയും ‘അത്ഭുതദ്വീപ്’ പോലെയുള്ളമലയാളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്ത ശിവൻ (50) അസുഖബാധിതനായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
രണ്ടടി മാത്രം ഉയരമുള്ള ശിവൻ പൊക്കക്കുറവിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്. ശിവൻ എന്നാണ് പേരെങ്കിലും നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ട ശിവൻ ആയിരുന്നു. ചെറുത് എന്നർത്ഥം വരുന്നു തമിഴ് വാക്കായ കുട്ട എന്നത് പേരിനോടൊപ്പം നാട്ടുകാർ തന്നെ ചേർത്തതാണ്. മൂന്നാർ ഇക്കാനഗർ സ്വദേശിയായ ശിവൻ സ്കൂൾ പഠനകാലം മുതൽ മൂന്നാറിന്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിത്യ സാന്നിധ്യമായിരുന്നു.
നടൻ വിജയിന്റെ ആദ്യസിനിമകളിൽ ഒന്നായ ‘വിഷ്ണു’ വിലൂടെ ആയിരുന്നു സിനിമാ രംഗത്ത് ശ്രദ്ധേയനായത്. പിന്നീട് വിനയന്റെ ‘അത്ഭുത ദ്വീപും’ കരിയറിൽ നേട്ടമായി.