ചോദ്യപേപ്പർ ചോർച്ചാ കേസ്: എംഎസ് സൊലൂഷൻസ് സിഇഒ മുൻകൂർ ജാമ്യാപേക്ഷ നൽകി
Sunday, December 22, 2024 1:15 AM IST
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ കേസിൽ ആരോപണവിധേയരായ എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി.
കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഷുഹൈബിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിനു പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്ഥാപനത്തിലെ ജീവനക്കാരെയും ചോദ്യംചെയ്യാനുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. കസ്റ്റഡിയിലെടുത്ത ഷുഹൈബിന്റെ ലാപ്ടോപും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിരിക്കുകയാണ്.
വാട്ട്സ്ആപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണുള്ളത്. ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഒളിവിലുള്ള ഷുഹൈബിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യാനാണു നീക്കം.
എംഎസ് സൊലൂഷന്‍സില്‍ ക്ലാസെടുത്തിരുന്ന അധ്യാപകരെയുള്‍പ്പെടെ ചോദ്യംചെയ്യും. ക്രിസ്മസ് പരീക്ഷയുടെ എസ്എസ്എല്‍സി ഇംഗ്ലീഷ്, പ്ലസ് വണ്‍ മാത്സ് ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.