പിഎസ്സി വിവരചോര്‍ച്ച പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം
Sunday, December 22, 2024 1:15 AM IST
തിരുവനന്തപുരം: പിഎസ്സി വിവര ചോര്‍ച്ച പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്വേഡും സൈബര്‍ ഹാക്കര്‍മാര്‍ പിഎസ്സി സര്‍വറില്‍നിന്ന് ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്കുവച്ച വിവരം പുറത്തെത്തിയത് മാനക്കേടായതോടെയാണ് എങ്ങനെ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് അന്വേഷിക്കാതെ, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകനെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പിഎസ്സി രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങള്‍ എങ്ങിനെ ലഭിച്ചെന്നത് തേടി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മാധ്യമപ്രവര്ത്തകന് അനിരു അശോകന്റെ മൊഴിയെടുത്തു.
രണ്ടര മണിക്കൂറോളം നീണ്ട മൊഴിയെടുക്കലില്‍ പിഎസ്സിയില്നിന്നും ഹാക്കര്‍മാര്‍ ഡേറ്റ ചോര്‍ച്ച നടത്തിയെന്ന വിവരം ആരാണ് ലേഖകന്‍ നല്‍കിയതെന്നും ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് പിഎസ്സിയുടെ വിശ്വാസ്യത തകര്ക്കുന്നതല്ലേയെന്നതടക്കം താക്കീതു കലര്‍ന്ന ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്.
എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിക്കുന്നത് മാധ്യമ ധര്‍മമാണെന്നും ഇത് സംബന്ധിച്ച സുപ്രീംകോടതിയുടേതുള്പ്പെടെ വിധികള്‍ ചൂണ്ടിക്കാട്ടി ലേഖകന്‍ മറുപടി നല്‍കിയതോടെ പ്രതീക്ഷിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് കണ്ട് ക്രൈംബ്രാഞ്ച് സംഘം ലേഖകന്റെ ഫോണ്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ്.