തങ്കയങ്കി ഘോഷയാത്ര ഇന്ന്
Sunday, December 22, 2024 1:15 AM IST
ആറന്മുള: ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്നുരാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടും. ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിട്ടുള്ള തങ്കയങ്കി പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ദർശനത്തിനു വയ്ക്കും.
ഘോഷയാത്രയ്ക്കു മുന്നോടിയായി രാവിലെ ഏഴിന് ഇത് പുറത്തേക്ക് എഴുന്നെള്ളിച്ച് ശബരിമല ക്ഷേത്രമാതൃകയിൽ തയാറാക്കിയിട്ടുള്ള പ്രത്യേക രഥത്തിലേക്ക് കയറ്റും. സായുധ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും അയ്യപ്പഭക്തരുടെയും അകന്പടിയോടെയാണ് രഥഘോഷയാത്ര നീങ്ങുന്നത്.
വിവിധ സ്ഥലങ്ങളിലെയും ക്ഷേത്രങ്ങളിലെയും സ്വീകരണങ്ങള്‍ സ്വീകരിച്ച് 25ന് ഉച്ചയോടെ പന്പയിൽ രഥഘോഷയാത്ര എത്തും. അവിടെനിന്ന് ശിരസിലേറ്റി വൈകുന്നേരം ആറിന് ശബരിമലയില്‍ എത്തിക്കും. തുടര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടത്തും. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ.