യുവാവിനെ കഴുത്തറത്ത് കൊന്ന കേസിൽ ആറു പ്രതികൾ കുറ്റക്കാർ
Sunday, December 22, 2024 1:15 AM IST
കാസർഗോഡ്: കുമ്പള പേരാലിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പോരിന്റെ ഭാഗമായി യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി.
പേരാലിലെ അബ്ദുൾ സലാമി(27)നെ കൊലപ്പെടുത്തിയ കേസിൽ കുമ്പള ബദ്രിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (42), ആരിക്കാടി ബംബ്രാണയിലെ ഹരീഷ് (36) എന്നിവരെയാണു ജില്ലാ അഡീഷണൽ സെഷൻസ് കോടതി (രണ്ട്) കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തതായി ആരോപിക്കപ്പെട്ട അരുണ്‍കുമാര്‍, ഖലീല്‍ എന്നിവരെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും.
2017 ഏപ്രില്‍ 30 ന് വൈകുന്നേരമായിരുന്നു അബ്ദുൾ സലാമിന്റെ മൃതദേഹം മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ മൈതാനത്തു കണ്ടെത്തിയത്. ക്രൂരമായ കൊലപാതകത്തിനുശേഷം തലയറത്തു മാറ്റി പ്രതികൾ മൈതാനത്ത് തട്ടിക്കളിച്ചതായും കണ്ടെത്തിയിരുന്നു.
കുമ്പള പഞ്ചായത്ത് മുൻ അംഗം ബി.എ.മുഹമ്മദിന്റെ മകന് ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലും കാസര്‍ഗോഡ് ടൗണില്‍ വാഹനം കത്തിച്ച കേസിലും പ്രതിയായിരുന്നു കൊല്ലപ്പെട്ട അബ്ദുൾ സലാം. 29 ന് പുലർച്ചെ മൂന്നിന് സലാമിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്ങാമുടി സിദ്ദിഖിനെ വീടുകയറി ആക്രമിച്ചിരുന്നു.
സിദ്ദിഖിന്റെ മണൽ ലോറി പോലീസിന് ഒറ്റിക്കൊടുത്തതു സലാമാണെന്നും ഇയാൾ സംശയിച്ചിരുന്നു. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദ് എന്ന യുവാവിനും അക്രമിസംഘത്തിന്റെ കുത്തേറ്റിരുന്നു. ഇയാളുടെ സാക്ഷിമൊഴി കേസിൽ നിർണായകമായി.