നാലു വർഷ ബിരുദം: ആദ്യസെമസ്റ്റർ പരീക്ഷ കഴിഞ്ഞ് മൂന്നാം ദിവസം ഫലം പ്രസിദ്ധീകരിച്ച് എംജി സർവകലാശാല
Sunday, December 22, 2024 1:15 AM IST
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 2024-2025 അക്കാദമിക് വർഷത്തിൽ ആരംഭിച്ച നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമായ എംജിയു-യുജിപി ഓണേഴ്സ് പ്രോഗ്രാമിന്റെ ആദ്യ സെമസ്റ്ററിന്റെ പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിച്ചു.
സർവകലാശാലയുടെ മേൽനോട്ടത്തിൽ തിയറി പരീക്ഷകൾ ഈ മാസം 16നും പ്രാക്ടിക്കൽ പരീക്ഷകൾ 18നും തിയറി പരീക്ഷകളുടെ മൂല്യനിർണയം 19നും മാർക്ക് എൻട്രികൾ 20നും പൂർത്തീകരിച്ച് ഒരു ദിവസത്തിനുള്ളിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനായി എന്നതു റിക്കാർഡ് നേട്ടമാണ്.
സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ നാല് സർവകലാശാലകളിലുമായി നടപ്പാക്കിയ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ക്ലാസുകൾ ആരംഭിച്ചത് ജൂലൈ ഒന്നിനായിരുന്നു. ഔട്ട് കം ബേസ്ഡ് എഡ്യുക്കേഷൻ (ഒബിഇ) രീതിയിൽ സർവകലാശാലയിലെ വിവിധ വിഷയങ്ങളുടെ വിദഗ്ധ സമിതികളുടെ മേൽനോട്ടത്തിൽ സിലബസുകൾ തയാറാക്കുകയും ഓരോ വിഷയത്തിനും അവയുടെ പ്രത്യേകത അനുസരിച്ചുള്ള മൂല്യനിർണയ രീതികൾ നിശ്ചയിക്കുകയും ചെയ്തു.
അതിനനുസൃതമായി ഓരോ ചോദ്യത്തിനൊപ്പവും ഔട്ട് കം, ചോദ്യങ്ങളുടെ ബോധനതലം എന്നിവ പരാമർശിച്ചു കൊണ്ടുള്ള ചോദ്യപേപ്പറുകൾ 234 കോഴ്സുകളിലായി തയാറാക്കിയാണു സർവകലാശാല പരീക്ഷകൾ പൂർത്തിയാക്കിയത്.
ഒരു വിഷയം തന്നെ പല വിദ്യാർഥികൾ മേജർ വിഷയമായും മൈനർ വിഷയമായും തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവർക്കെല്ലാവർക്കും ഒരേ സിലബസ് അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണു ഫൗണ്ടേഷൻ തലത്തിൽ സർവകലാശാല വിഭാവനം ചെയ്തു നടപ്പിലാക്കിയത്.