മില്‍മ എറണാകുളം മേഖലാ യൂണിയന് തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്
Sunday, December 22, 2024 1:15 AM IST
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന് തെരഞ്ഞെടുപ്പ് ജനുവരി 20നകം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണസമിതിയുടെ തീരുമാനം മില്‍മ ഡയറക്ടര്‍ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണു ഭരണസമിതി കോടതിയെ സമീപിച്ചത്.
വാര്‍ഷിക പൊതുയോഗത്തില്‍ ഭരണസമിതി അംഗങ്ങളുടെ എണ്ണം 17 ആയി തീരുമാനിച്ച നിയമാവലിഭേദഗതി ക്ഷീരവികസന വകുപ്പ് അംഗീകരിക്കാത്തതിനാല്‍ നാലു ദിവസത്തിനകം മേഖലാ യൂണിയന്റെ അടിയന്തര പൊതുയോഗം വിളിച്ച് നിലവിലെ നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന 16 അംഗ ഭരണസമിതി എന്നതും അതിന്റെ വിഭജനവും സംവരണവും തീരുമാനിച്ച് ഡയറക്ടറെയും ഇലക്ഷന് കമ്മീഷനെയും അറിയിക്കണമെന്ന് മേഖലാ യൂണിയനോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഡിസംബര്‍ 23ന് ആലുവ ഗ്രീന്‍പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ മേഖലാ യൂണിയന്റെ അടിയന്തര പൊതുയോഗം ചേരും. തീരുമാനം ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ മില്‍മ ഡയറക്ടര്‍ തെരഞ്ഞെടുപ്പിനു ശിപാര്‍ശ നല്‍കാത്തപക്ഷം നിലവിലെ ഭരണസമിതി അവസാനിക്കുന്ന ജനുവരി 25ന് മുമ്പായി ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന് കമ്മീഷനോടു ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
കേരളത്തിലെ മൂന്നു മേഖലാ യൂണിയനും ഫെഡറേഷനും ഉള്‍പ്പെടുന്ന മില്‍മ കാലങ്ങളായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട് സംസ്ഥാന ഫെഡറേഷന്റെയും മലബാര്‍, തിരുവനന്തപുരം മേഖലാ യൂണിയന്റെയും ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു.
ഇതില്‍ തിരുവനന്തപുരത്തെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഈ കേസില്‍ ഭരണസമിതിക്കെതിരേ വിധിയുണ്ടായാല്‍ തിരുവനന്തപുരത്തിന്റെ ഭരണനേതൃത്വം ഇടതുപക്ഷത്തിന് നഷ്ടമാകും. അതുവഴി സംസ്ഥാന മില്‍മയുടെ ഭരണസമിതിയിലെ ഭൂരിപക്ഷം ഇല്ലാതാകും.
അതൊഴിവാക്കി മില്‍മ ഭരണം കൈപ്പിടിയില്‍ ഒതുക്കുന്നതിനാണ് എറണാകുളം മേഖലാ യൂണിയന് ഭരണസമിതിയെ അട്ടിമറിക്കാനായി ക്ഷീരവികസന വകുപ്പ് ഇത്തരം പല നീക്കങ്ങള്‍ നടത്തുന്നതെന്ന് എറണാകുളം മേഖലാ യൂണിയന് ചെയര്മാന് എം.ടി. ജയന് ആരോപിച്ചു.